ട്രെയിനിൽനിന്ന് ഒരുവയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
Sunday, April 6, 2025 2:46 AM IST
പാലക്കാട്: ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേൽ ആണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കുഞ്ഞിനൊപ്പം പിടിയിലായത്.
ഒഡിഷ സ്വദേശികളായ മാനസ്-ഹമീസ ദന്പതികളുടെ കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി കേരളത്തിലെത്തിയ ടാറ്റാനഗർ എക്സ്പ്രസിലാണ് സംഭവം നടന്നത്.
നാട്ടിൽനിന്നു ജോലിസ്ഥലത്തേക്കു മടങ്ങുകയായിരുന്നു ദന്പതികൾ. തിരക്കേറിയ ട്രെയിനിൽ കുഞ്ഞിനെ അടുത്തുകിടത്തി ഇരുവരും ഉറങ്ങി. വണ്ടി തൃശൂരിലെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടൻ തൃശൂർ റെയിൽവേ പോലീസിൽ പരാതി നൽകി.
ഇതിനിടെയാണ് കുഞ്ഞിനെയുംകൊണ്ടു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കറങ്ങിനടക്കുന്ന വെട്രിവേലിനെ ചിലർ ശ്രദ്ധിച്ചത്. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിലും വെട്രിവേലിന്റെ മദ്യപിച്ച നിലയും സംശയമുണർത്തി.
ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തപ്പോൾ വെട്രിവേൽ പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. ഇതിനിടെ കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടാനും ശ്രമിച്ചു. ജനം ഇയാളെ തടഞ്ഞുവച്ച് ടൗണ്നോർത്ത് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ചോദ്യംചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
മാതാപിതാക്കളെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. വെട്രിവേലിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കുട്ടികളെ തട്ടിയെടുക്കുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.