ഡോ. പി.കെ. ഏബ്രഹാം അന്തരിച്ചു
Sunday, April 6, 2025 2:46 AM IST
കൊച്ചി: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായിരുന്ന ഡോ. പി.കെ. ഏബ്രഹാം (പുറവൻതുരുത്തിൽ അവറാച്ചൻ- 82) അന്തരിച്ചു.
ന്യൂമോണിയ ബാധിച്ച് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 2.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. രാവിലെ എട്ടുമുതൽ കളമശേരി ശാന്തിനഗറിലെ വീട്ടിൽ (ഹൗസ് നമ്പര്‍ 68) പൊതുദർശനത്തിനു വയ്ക്കും.
ഇരിട്ടി പുറവൻതുരുത്തിൽ കുടുംബാംഗമായ പി.കെ. ഏബ്രഹാം, രസതന്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയശേഷം തലശേരി ബ്രണ്ണൻ കോളജിൽ ലക്ചററായി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് എംബിഎയും സാന്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.
പ്ലാന്റേഷൻ കോർപറേഷനിൽ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരായി സേവനം ചെയ്തശേഷം എഫ്എസിടിയിൽ (ഫാക്ട്) മാർക്കറ്റിംഗ് വിഭാഗത്തിൽ ദീർഘകാലം ജോലി ചെയ്തു.
ഡെപ്യൂട്ടി ജനറല്‍ മാനേജർ (പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്) പദവിയിലിരിക്കേയാണ് 1992 ഫെബ്രുവരി ഒന്നിന് ദീപികയുടെ സാരഥ്യം ഏറ്റത്. 1996ല്‍ ദീപികയില്‍നിന്നു വിരമിച്ചു.
തിരുവല്ല മാക്ഫാസ്റ്റ് കോളജ് സ്ഥാപക ഡയറക്ടർ, വീക്ഷണം ചീഫ് എഡിറ്റർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ട്രൂകോട്ട് പെയിന്റ്സ് സിഇഒ, ടോം പൈപ്സ്, ജാസ് ബാറ്ററി, മംഗളം എന്നീ സ്ഥാപനങ്ങളുടെ അഡ്വൈസർ എന്നീ നിലകളിലും സേവനം ചെയ്തു. ‘ഇന്‍ സെര്‍ച്ച് ഓഫ് ലക്ക്’ എന്ന മോട്ടിവേഷണല്‍ ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.
ഭാര്യ: ക്ലാരമ്മ (കോട്ടയം തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം). മക്കൾ: ഡിംപിൾ ട്രീസ ഏബ്രഹാം (സംരംഭക, ബംഗളൂരു), അഞ്ജു എൽസ ഏബ്രഹാം (ബാങ്ക് എക്സ്ക്യൂട്ടീവ് ഡയറക്ടർ ന്യൂയോർക്ക് ). മരുമക്കൾ: അജിത് ജോർജ് (റിട്ട. നേവൽ കമാൻഡർ, ഡെൽ ടെക്നോളജീസ് ബംഗളൂരു), മനീഷ് തട്ടിൽ (വൈസ് പ്രസിഡന്റ് സെയിൽസ് നെസ്സ് ഡിജിറ്റൽ ന്യൂയോർക്ക്).