ആര്‍എസ്എസിന്റെ ലക്ഷ്യം കത്തോലിക്കാ സഭയുടെ ഭൂസ്വത്ത്: രമേശ് ചെന്നിത്തല
Sunday, April 6, 2025 2:46 AM IST
തിരുവനന്തപുരം: വഖഫ് ബില്ലിനു ശേഷം ഇനി സംഘപരിവാര്‍ കണ്ണുവച്ചിരിക്കുന്നത് കത്തോലിക്കാ സഭയുടെ കൈവശമിരിക്കുന്ന ഭൂസ്വത്താണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കത്തോലിക്കാ സഭയുടെ കൈവശം 20,000 കോടി രൂപ വില മതിക്കുന്ന ഏഴു കോടി ഹെക്ടര്‍ സ്ഥലമുണ്ടെന്നും ഇതു പിടിച്ചെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും പറയുന്നു.
കേരളത്തില്‍ ബിജെപി പച്ചയായ വര്‍ഗീയത വിതയ്ക്കാനുള്ള ശ്രമമാണ്. പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി മുനമ്പത്ത് ഇത് തുടങ്ങിവച്ചിരിക്കുകയാണ്. ഇത്തരം വര്‍ഗീയ വിഷത്തെ ചെറുക്കാന്‍ കേരളത്തിലെ മതേതര വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണം. വഖഫ് ബില്‍ മൂലം മുനമ്പത്തെ വിഷയം പരിഹരിക്കപ്പെടില്ല.
കാരണം വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമില്ല. ആശാവര്‍ക്കര്‍മാരുടെ പ്രശ്നം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാത്തത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ഐഎന്‍ടിയുസി എടുത്ത നിലപാടിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. ആശാവര്‍ക്കര്‍മാര്‍ എടുത്ത നിലപാടിനോടാണ് അനുഭാവം.
സമരത്തിനെതിരായി ഐഎന്‍ടിയുസി പ്രസിഡന്റ് നിലപാടെടുത്തിട്ടുണ്ടെങ്കില്‍ കാരണം അന്വേഷിക്കും. അതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും രമേശ് ചെ ന്നിത്തല പറഞ്ഞു.