കൊച്ചിയിലെ കണ്ടൽക്കാടുകൾക്കിനി പുതുമോടി
Monday, April 7, 2025 2:44 AM IST
കൊച്ചി: കൊച്ചിയുടെ തീരങ്ങളെ ജൈവ വൈവിധ്യത്താൽ സമ്പന്നമാക്കിയ കണ്ടൽക്കാടുകൾ നശിക്കുന്നുവെന്ന പരാതി ഇനി മറക്കാം. എറണാകുളം ജില്ലയിലെ വിവിധ തീരങ്ങളിൽ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ, സംരക്ഷണ പദ്ധതിക്ക് തുടക്കമായി.
ആദ്യഘട്ടത്തിൽ എറണാകുളത്തെ വൈപ്പിൻ തീരത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ പരിസ്ഥിതിലോലമായ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ (ബിഐഎഫ്) നടപ്പാക്കുന്ന മൂന്നു വർഷത്തെ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണു കൊച്ചി തീരങ്ങളിലെ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ.
ദേശീയതലത്തിൽ പ്രശസ്തമായ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സാങ്കേതിക, ശാസ്ത്രീയ പിന്തുണ പദ്ധതിക്ക് ഉണ്ടാകും. വൈപ്പിൻ ആസ്ഥാനമായി റൈസോഫോറ കണ്ടൽ ഫീൽഡ് സ്കൂൾ ആൻഡ് നഴ്സറി ആരംഭിക്കും. എംഎസ്എസ്ആർഎഫിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ‘കൊച്ചിയിലെ കണ്ടൽ മനുഷ്യൻ’ എന്നറിയപ്പെടുന്ന മുരുകേശനാണ് കണ്ടൽ ഫീൽഡ് സ്കൂൾ ആൻഡ് നഴ്സറിക്കു നേതൃത്വം നൽകുന്നത്.
സ്കൂളിലെ അഞ്ചംഗസംഘം പഞ്ചായത്തുകൾ, തദ്ദേശസ്ഥാപനങ്ങൾ, തദ്ദേശവാസികൾ എന്നിവരുമായി സഹകരിച്ച് പുനരുദ്ധാരണ പരിപാടികൾ നടപ്പാക്കും. ഭാവിയിലെ പരിസ്ഥിതി നേതാക്കളെ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനവും വർക്ഷോപ്പുകളും സംഘടിപ്പിക്കുന്നതിനൊപ്പംതന്നെ യുവജനശേഷി വർധിപ്പിക്കുന്നതിലും സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കും.
അതിവേഗം ക്ഷയിച്ചുവരുന്ന കണ്ടൽ സസ്യങ്ങളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, അവബോധം വർധിപ്പിക്കുക, തീരദേശ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, സമൂഹാധിഷ്ഠിത സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമിടുന്നതായി ബിഐഎഫ് ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.
പദ്ധതിയുടെ ആദ്യവർഷം, തൈകൾ നടുന്നതിനും കണ്ടൽ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുമായി 20,000ത്തോളം തൈകൾ തയാറാക്കും. കണ്ടൽച്ചെടികൾ നടുക മാത്രമല്ല ലക്ഷ്യം. തീരദേശമേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് സാങ്കേതിക അവബോധം നൽകി സജ്ജരാക്കുക എന്നതുകൂടി ലക്ഷ്യമാണ്.