ഫിഡൽ കാസ്ട്രോയുടെ ഉറ്റസുഹൃത്ത്
എസ്.ആർ. സുധീർ കുമാർ
Monday, April 7, 2025 3:13 AM IST
കൊല്ലം: ക്യൂബൻ വിപ്ലവ പോരാളിയും പ്രസിഡന്റുമായിരുന്ന ഫിഡൽ കാസ്ട്രോയുടെ ഉറ്റ സുഹൃത്തായിരുന്നു എം.എ. ബേബി. സൗഹൃദത്തിനപ്പുറം ഭായി- ഭായി ബന്ധം എന്ന് വിളിക്കുന്നതാകും അതിലേറെ ഉചിതം. ബേബി കാസ്ട്രോയെ ഫിഡൽ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. കോംമ്രേഡ് ബേബി എന്നാണ് കാസ്ട്രോ തിരിച്ചു വിളിച്ചിരുന്നത്.
സൗഹൃദം ദൃഢമായപ്പോൾ കാസ്ട്രോ ‘കോംമ്രേഡ്’ എന്ന വിശേഷണം ഒഴിവാക്കി. പിന്നെ വിളിപ്പേര് ബേബിയിൽ ഒതുങ്ങി.
ക്യൂബയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യയിൽ നിന്ന് സഹായവുമായി ആദ്യം എത്തിയത് എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘമായിരുന്നു. ക്യൂബൻ ഐക്യദാര്‍ഢ്യ സമിതിയുടെ കൺവീനർ കൂടിയായിരുന്നു ബേബി. അന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം.
മാത്രമല്ല ഇതര കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ നേതാക്കളുമായി നിരന്തര ആശയവിനിമയം നടത്തുന്നതിലും ബേബി ഇപ്പോഴും ശ്രദ്ധാലുവാണ്. ഇതൊക്കെ അദ്ദേഹത്തിന്റെ ദേശീയ സെക്രട്ടറി സ്ഥാനലബ്ധിക്ക് അനുകൂല ഘടകങ്ങളായതായി വിലയിരുത്തപ്പെടുന്നു.