ഹൃദയചികിത്സാരംഗത്ത് കൂടുതല്‍ ഗവേഷണങ്ങൾ അനിവാര്യം: പി.എസ്. ശ്രീധരന്‍പിള്ള
Monday, April 7, 2025 2:15 AM IST
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന സംഗമം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ഹൃദയസംഗമം സഹജീവികളോടുള്ള സഹാനുഭൂതിയുടെയും കരുണയുടെയും ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയചികിത്സാരംഗത്ത് കൂടുതല്‍ ഗവേഷണങ്ങളും പ്രാദേശിക പഠനങ്ങളും അനിവാര്യമാണ്. ഈ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ പ്രമുഖര്‍ക്ക് അര്‍ഹമായ ആദരം നല്‍കിയിട്ടുണ്ടോയെന്നു നാം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിച്ചു. മാനസിക സംഘര്‍ഷമാണ് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുടെ പ്രധാന കാരണമെന്നും പരസ്പരം സഹായിച്ചും സഹജീവി സ്നേഹം ഉയര്‍ത്തിയും മാനസിക സന്തോഷം നേടാനായാല്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവ തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഈ വര്‍ഷത്തെ സോഷ്യല്‍ എക്സലന്‍സ് പുരസ്കാരം കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലിന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മാനത്തുക ഫാ. ഡേവിസ് ചിറമ്മല്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി.
ഫൗണ്ടേഷന് ട്രസ്റ്റി ഡോ. ജേക്കബ് ഏബ്രഹാം, ലിസി ആശുപത്രി ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. സുജിത് ജോസ്, ഫൗണ്ടേഷന് സെക്രട്ടറി ഡോ. രാജു കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ഹൃദയസംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളും ശസ്ത്രക്രിയയ്ക്കുശേഷമുള്ള ജീവിതരീതികളും പങ്കുവച്ചു.