ആശാ വർക്കർമാർ ഇന്ന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Monday, April 7, 2025 2:39 AM IST
തിരുവനന്തപുരം: ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഇന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയെ കാണും.
തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം മന്ത്രിക്ക് നൽകും. ഇന്ന് മൂന്നിന് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. സമരം ആരംഭിച്ച് 57-ാം ദിനത്തിലാണ് തൊഴിൽ മന്ത്രിയെ കാണാൻ ആശാ വർക്കർമാർക്ക് അവസരം ലഭിക്കുന്നത്. ആരോഗ്യമന്ത്രിയുമായി മൂന്നുതവണ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി സമരത്തിന് മധ്യസ്ഥം വഹിക്കാനോ പ്രശ്നപരിഹാരത്തിനായോ ആശമാർ തന്നെ സമീപിച്ചില്ലെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകാൻ സമരസമിതി തീരുമാനിച്ചത്. അതേസമയം, സമരം തുടങ്ങും മുന്പ്തന്നെ ലേബർ കമ്മീഷണർക്ക് നോട്ടീസ് നൽകിയിരുന്ന സംഘടന മാർച്ച് 27ന് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം മന്ത്രിക്ക് ഇ-മെയിലായി നൽകിയിരുന്നതായാണ് വിവരം.