ഐടി ജീവനക്കാരന് ഫ്ലാറ്റില്‍നിന്നും ചാടി ജീവനൊടുക്കി
Monday, April 7, 2025 2:39 AM IST
കോട്ടയം: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന് ഫ്ലാറ്റില്‍നിന്നും ചാടി ജീവനൊടുക്കി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന് കഞ്ഞിക്കുഴി മുട്ടമ്പലം സ്കൈലൈന്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ജേക്കബ് തോമസിനെ (23) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാത്രിയില്‍ ഏറെ വൈകി ജേക്കബ് ഫ്ലാറ്റില്‍ ഇരുന്ന് ജോലി ചെയ്തിരുന്നതായും കുറച്ചു നാളുകളായി അമിത ജോലി സമ്മര്‍ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ജേക്കബിനെ ഫ്ലാറ്റില്‍നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടാമത്തെ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്.
മൂന്നു മാസം മുമ്പാണ് ജോലി കിട്ടിയത്. ബിടെക് ബിരുദധാരിയാണ്. പിതാവ്: തോമസ് ജേക്കബ്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.