തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
Sunday, April 6, 2025 12:40 AM IST
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് അഞ്ചാം വാർഡ് മൈക്കോളജിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടുകൂടിയായിരുന്നു സംഭവം. വനിത തൊഴിലുറപ്പ് തൊഴിലാളികളായ 11 പേർക്കാണ് ഇടിമിന്നലേറ്റത്.
ഇതിൽ പുതുപ്പറമ്പിൽ ഷീന നജ്മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സുബി മനു, ആഞ്ഞിലിമൂട്ടിൽ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരയ്ക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി, ടി.സി. തങ്കം എന്നിവർ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇവിടെനിന്നു മൂന്നു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് രണ്ടുപേരെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
നിസാര പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടിയില്ല. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
37 തൊഴിലാളികളാണ് ഈ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്നപ്പോഴാണ് ഇടിമിന്നലേറ്റത്.
ഇന്നലെ ഉച്ചമുതൽ മുണ്ടക്കയത്തും സമീപ മേഖലയിലും അതിശക്തമായ ഇടിയും മഴയുമാണ് ഉണ്ടായത്. പരിക്കേറ്റവരെ ആന്റോ ആന്റണി എംപി മുണ്ടക്കയം സർക്കാർ ആശുപത്രിയിലെത്തി സന്ദർശിച്ചു.