ക്രൈസ്തവ അവകാശസംരക്ഷണ റാലിയെ അനുകൂലിച്ച് കുഞ്ഞാലിക്കുട്ടി
Monday, April 7, 2025 2:39 AM IST
മലപ്പുറം: കോഴിക്കോട്ട് കഴിഞ്ഞ ദിവസം ക്രൈസ്തവ അവകാശപ്രഖ്യാപന റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ രാഷ്ട്രീയമായി സംഘടിക്കാൻ തയാറാണെന്ന് സഭ സൂചിപ്പിച്ചുവല്ലോ എന്ന ചോദ്യത്തിന്, ഇത് ജനാധിപത്യരാജ്യമാണ്. ഇവിടെ അവർ മുന്പും മലയോര മേഖലയിലെ പ്രശ്നങ്ങൾ വന്നപ്പോൾ റാലി നടത്തിയിട്ടുണ്ടല്ലോ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
“കാട്ടുമൃഗങ്ങളുടെ ശല്യത്തിനെതിരേ അടുത്തകാലത്തായി സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ അവർ സമരം നടത്തിയിരുന്നു. ക്ഷണിച്ചിരുന്നെങ്കിൽ ഞങ്ങളും പോകുമായിരുന്നു. അതുകൊണ്ട് അവകാശങ്ങൾക്കു വേണ്ടി ജനാധിപത്യപരമായി റാലി നടത്തുന്നതിലും യോഗം ചേരുന്നതിലും തെറ്റില്ല. ഈ വിഷയം യുഡിഎഫ് ആയിരുന്നെങ്കിൽ വളരെ ഗൗരവമായി എടുക്കുമായിരുന്നു.
ഞങ്ങളിപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനിഫെസ്റ്റോയിൽ മലയോര മേഖലയിൽ ഇന്ന് നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തീരദേശത്ത് ജീവിക്കുന്നവർ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഇതിൽ കേന്ദ്രസർക്കാരിന്റെ മണൽ ഖനനത്തിനെതിരേ യുഡിഎഫിന്റെ തീരദേശ ജാഥ വരുന്നുണ്ട്. ഞങ്ങളതുമായി മുന്നോട്ടു പോകുകയാണ്. തീരദേശത്തെ മതമേലധ്യക്ഷൻമാരുമായും രാഷ്ട്രീയ നേതാക്കളുമായും ഞങ്ങൾ ചർച്ച നടത്തും. വർഗീയ പ്രശ്നങ്ങളിൽ അവരെ കെട്ടിയിടാമെന്ന് കരുതുന്നവർക്കു തെറ്റുപറ്റും”- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
‘വെള്ളാപ്പള്ളിയുടേത് വൃത്തികെട്ട പ്രസ്താവന’
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടേത് ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട പ്രസ്താവനയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇത്തരം പ്രസ്താവനകൾകൊണ്ട് ഇവരെല്ലാം രാഷ്ട്രീയ മുതലെടുപ്പാണു ലക്ഷ്യമിടുന്നത്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിന് സഹിക്കാൻ കഴിയില്ല. ഈ വിഷയം ചർച്ചയാക്കുന്നതിനോടു പോലും താൻ യോജിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.