ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് ; മൂന്നു മാസത്തിനിടെ 25 കേസുകൾ; 36 പേർ പിടിയിൽ
Sunday, April 6, 2025 12:40 AM IST
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ പിടിയിലായത് 36 പേർ.
25 കേസുകളിലായാണ് ഇത്രയും പേരെ വിജിലൻസ് പിടികൂടിയത്. വിജിലൻസിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ മൂന്നു മാസത്തിനകം അറസ്റ്റിലായ അഴിമതിക്കാരുടെ എണ്ണത്തിലെ റിക്കാർഡാണിതെന്നു ഡയറക്ടർ യോഗേഷ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ മാത്രം എട്ടു കേസുകളിലായി 14 പേരെയാണ് വിജിലൻസ് പിടികൂടിയത്. ജനുവരിയിൽ എട്ട് കേസുകളിലായി ഒൻപതു പേരെയും ഫെബ്രുവരിയിൽ ഒൻപതു കേസുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവരിൽ 14 പേർ റവന്യു ജീവനക്കാരാണ്. തദ്ദേശ ഭരണം, പോലീസ് വകുപ്പുകളിൽ നിന്ന് നാലുപേർ വീതവും വനം വകുപ്പിലെ രണ്ടുപേരും വാട്ടർ അഥോറിറ്റി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ വകുപ്പുകളിലെ ഓരോരുത്തരും പിടിയിലായി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജരും ട്രാപ്പിൽ കുടുങ്ങി. കൂടാതെ നാല് ഏജന്റുമാരും. സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാലു പേരും വിജിലൻസ് പിടിയിലായി. ഡിജിറ്റൽ പണമിടപാടായി കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ സംഭവങ്ങളുമുണ്ടായി. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ഡെപ്യുട്ടി ജനറൽ മാനേജരെ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് പിടികൂടിയത്. എയ്ഡഡ് സ്കൂൾ അധ്യാപകനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ നാലു പേരും അറസ്റ്റിലായി. മൂന്നു മാസത്തിനിടെ ട്രാപ്പ് കേസുകളിൽ 5.80 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കിയിരുന്നു. കൂടാതെ അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരീക്ഷണത്തിലുണ്ട്.
മിന്നൽ പരിശോധനകളെ തുടർന്ന് മോട്ടോർ വാഹനം, മൈനിംഗ് ആൻഡ് ജിയോളജി, ജിഎസ്ടി എന്നീ വകുപ്പുകളിലായി അധികപിഴ, റോയൽറ്റി, പെനാൽറ്റി, നികുതി തുടങ്ങിയ ഇനത്തിൽ സർക്കാരിന് 500 കോടിയുടെ അധിക വരുമാനമുണ്ടായിട്ടുണ്ടെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.