പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്നത് തെറ്റായ സന്ദേശം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Monday, April 7, 2025 2:39 AM IST
പാലാ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എവിടെയെങ്കിലും എത്തിച്ചേരാമെന്ന് ചിന്തിക്കുന്നില്ലെന്നും അത് തെറ്റായ സന്ദേശമാണെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
നാം ഒറ്റക്കെട്ടായി നില്‍ക്കണം. ഒറ്റ സ്വരത്തില്‍ സമുദായത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ സാധിക്കണമെന്നും അതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപത കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ കല്ലറങ്ങാട്ട്. ഒന്നിച്ചുനിന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നമ്മെ തേടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന ആക്രമണം ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വലിയ തിന്മകള് വര്‍ധിച്ചു വരുന്ന ഇക്കാലത്ത് നമുക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്ന് വിപണനം സംഘടിതമായി മാറിയിരിക്കുന്നു. ലഹരി ഇല്ലെങ്കില്‍ ഒരു ത്രില്‍ ഇല്ല എന്ന ചിന്ത യുവാക്കളുടെ മനസില്‍ കടന്നുകൂടിയിട്ടുണ്ട്. ഹിംസകള്‍ക്ക് പിന്നില്‍ ലഹരിയുണ്ട്. ആരെയെങ്കിലും കൊന്നാല്‍ സിനിമ വിജയിച്ചു എന്ന രീതിയാണ് ഇന്നുള്ളത്. കുട്ടികള്‍ പരിശീലനം നേടുന്നത് ആക്രമണത്തിനാണോ എന്ന് സംശയിക്കേണ്ട കാലമാണ്. മാതാപിതാക്കന്മാരും അധ്യാപകരും സര്‍ക്കാരും ലഹരി വ്യാപനത്തെ ഒന്നിച്ചെതിര്‍ക്കണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.