ഇഎംഎസിന്റെ അരുമശിഷ്യൻ
കെ. ഇന്ദ്രജിത്ത്
Monday, April 7, 2025 3:13 AM IST
തിരുവനന്തപുരം: ഇഎംഎസ് നന്പൂതിരിപ്പാടിന്റെ അരുമ ബേബിയായാണ് കൊല്ലം പ്രാക്കുളത്തു നിന്ന് എം.എ. ബേബി ഡൽഹിക്കു വണ്ടി കയറുന്നത്. ഡൽഹിയിൽ ലാൻഡ് ചെയ്ത ബേബി 1978ലെ എസ്എഫ്ഐ പാറ്റ്ന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് പദവിയിലെത്തി. ഇക്കാലയളവിൽ സിപിഎം ജനറൽ സെക്രട്ടറിയായി ഇഎംഎസും ഡൽഹിയിലുണ്ട്.
എസ്എഫ്ഐ പ്രവർത്തനവുമായി വിവിധ സംസ്ഥാനങ്ങളിൽ ഓടിനടന്ന ബേബി അക്കാലയളവിൽ എകെജി ഭവൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബസവ പുന്നയ്യ, ഹർകിഷൻ സിംഗ് സുർജിത്ത്, ബി.ടി. രണദിവെ എന്നിവരുടെയും വാത്സല്യ പാത്രമായി. 1981ലെ എസ്എഫ്ഐയുടെ മുംബൈ സമ്മേളനത്തിലും ദേശീയ ഭാരവാഹിത്വം ആവർത്തിച്ചു. പിന്നീടങ്ങോട്ട് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. രാജ്യസഭയിലെ ബേബിയായി പാർലമെന്ററി രംഗത്തേക്കും. പാർട്ടിയുടെ ബുദ്ധിജീവി പരിവേഷത്തിലുള്ള ബേബിയുടെ ഡൽഹിയിലെ വളർച്ച അതിവേഗമായിരുന്നു.
ഇപ്പോൾ ഇഎംഎസ് നന്പൂതിരിപ്പാടിനു ശേഷം സിപിഎമ്മിലെ അത്യുന്നത പദവിയായ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്ന കേരളഘടകത്തിൽ നിന്നുള്ള പ്രതിനിധിയുമായി എം.എ. ബേബി. 1978- 92 കാലഘട്ടത്തിലായിരുന്നു ഇഎംഎസ് പാർട്ടി ജനറൽ സെക്രട്ടറി പദവിയിലിരുന്നത്.
പിൻഗാമിയായ ഹർകിഷൻ സിംഗ് സുർജിതിനു ശേഷം പിന്നീട് പാലക്കാട് എലപുള്ളിയിൽ കുടുംബ വേരുള്ള പ്രകാശ് കാരാട്ട് 2005- 2015 കാലഘട്ടത്തിൽ സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തി.
എന്നാൽ, ഡൽഹി ഘടകം പ്രതിനിധിയുമായാണ് കാരാട്ട് അറിയപ്പെട്ടിരുന്നത്. ഇതിനാൽ പാതി മലയാളിയെന്ന വിശേഷണമായിരുന്നു കേരള ഘടകം കാരാട്ടിനു ചാർത്തി നൽകിയിരുന്നത്.
കാരാട്ടിന്റെ പിൻഗാമിയായി കേരളത്തിൽ നിന്നുള്ള പിബി അംഗം എസ്. രാമചന്ദ്രൻപിള്ള എന്ന എസ്ആർപി ജനറൽ സെക്രട്ടറിയാകുമെന്ന പ്രചാരണമുണ്ടായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള ഘടകം എസ്ആർപിക്കു പിന്തുണയും നൽകിയിരുന്നു.
എന്നാൽ, വി.എസ്. അച്യുതാനന്ദൻ എന്ന കേരളത്തിലെ പ്രബല സിപിഎം നേതാവിന്റെ പിന്തുണയോടെ സീതാറാം യെച്ചൂരി പാർട്ടി നേതൃത്വത്തിലെത്തി. യെച്ചൂരിയുടെ അകാല വിയോഗത്തെ തുടർന്ന് പ്രകാശ് കാരാട്ട് പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്ററായി പാർട്ടി ദേശീയ നേതൃത്വത്തെ നയിച്ചു.
ഇപ്പോൾ മധുര പാർട്ടി കോണ്‍ഗ്രസിൽ പ്രകാശ് കാരാട്ട് നിർദേശിക്കുകയും കേരള ഘടകം പിന്തുണയ്ക്കുകയും ചെയ്ത എം.എം. ബേബി ജനറൽ സെക്രട്ടറിയാകുകയായിരുന്നു.
കേരളമൊഴികെ പല സംസ്ഥാനങ്ങളിലും തകർന്നടിയുകയും ദേശീയ തലത്തിൽ ഏറെ സംഘടനാ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന കാലഘട്ടത്തിൽ മരിയന്‍ അലക്സാണ്ടർ ബേബിയെന്ന എം.എ. ബേബിയുടെ കർമകുശലതയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.