ക്രൈസ്തവര്‍ക്കുനേരേയുള്ള അക്രമങ്ങളില്‍ സര്‍ക്കാരിനു നിഷ്ക്രിയത്വം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Sunday, April 6, 2025 2:46 AM IST
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്.
ജബല്‍പുരില്‍ തീര്‍ഥാടകരായ ക്രൈസ്തവ വിശ്വാസികള്‍ക്കുനേരേ അക്രമം അഴിച്ചുവിട്ടവരെ സര്‍ക്കാരുകള്‍ സംരക്ഷിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. 2014 മുതല്‍ തുടര്‍ച്ചയായി രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേയുള്ള കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നു.
ഭരണഘടന പൗരന്മാര്ക്ക് ഉറപ്പേകുന്ന മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച് മതന്യൂനപക്ഷങ്ങളുടെമേല്‍ നടത്തുന്ന ഭീഷണികളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.