ഭാര്യ ആശുപത്രിയിൽ പ്രസവിക്കുന്നതിനെ സിറാജുദ്ദീൻ എതിർത്തിരുന്നതായി ബന്ധുക്കൾ
Monday, April 7, 2025 2:15 AM IST
മലപ്പുറം: മലപ്പുറത്തിനടുത്ത് കോഡൂർ ചട്ടിപ്പറന്പിൽ വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ചത് മൂന്നു മണിക്കൂറോളം അതീവഗുരുതരാവസ്ഥയിൽ കിടന്നശേഷം. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് യുവതി വീട്ടിൽ പ്രസവിച്ചത്. ഈസമയം ഭർത്താവ് സിറാജുദ്ദീനും നാല് ചെറിയ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രസവത്തെത്തുടർന്ന് അസ്മ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു. മൂന്ന് മണിക്കൂറോളം തീർത്തും അവശയായ ഇവർ രാത്രി ഒന്പതോടെ മരിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്മ ആണ്കുട്ടിക്കാണ് ജന്മം നൽകിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഭാര്യയെ ആശുപത്രിയിൽ പ്രസവിക്കുന്നതിനോട് സിറാജുദ്ദീൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇയാൾ അക്യുപംഗ്ചർ, സിദ്ധ ചികിത്സകൾ നടത്തിവരികയാണ്. മരണവിവരം അയൽവാസികളെ അറിയിക്കാതെ മൃതദേഹവുമായി ആംബുലൻസിൽ രാത്രിയിൽത്തന്നെ യുവതിയുടെ സ്വദേശമായ പെരുന്പാവൂരിലേക്ക് തിരിക്കുകയായിരുന്നു. മടവൂർ കാഫിലയെന്ന പേരിൽ ആത്മീയ യുട്യൂബ് ചാനൽ നടത്തുന്ന ഇയാൾ തന്റെ അഞ്ച് അനുയായികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലൻസിലേക്കു കയറ്റിയത്. യുവതിക്ക് ശ്വാസതടസമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആംബുലൻസ് വിളിച്ചത്.
പ്രസവവിവരമോ മരിച്ച കാര്യമോ അസ്മയുടെ കുടുംബത്തോട് സിറാജുദീൻ ആദ്യം പറഞ്ഞിരുന്നില്ല. അർധരാത്രി 12ഓടെ യാത്രയ്ക്കിടയിലാണ് മരണവിവരം അറിയിക്കുന്നത്. നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ആംബുലൻസിൽ 140 ലധികം കിലോമീറ്റർ സഞ്ചരിച്ചു. പിന്നീട് അസ്മയുടെ ബന്ധുക്കളാണ് കുഞ്ഞിനെ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്.
അതേസമയം, ഇക്കഴിഞ്ഞ ജനുവരിയിൽ ആരോഗ്യസർവേയ്ക്കായി ആശാ പ്രവർത്തക ഇവരുടെ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാതെ ജനലിലൂടെയാണു സംസാരിച്ചത്. ഗർഭിണിയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അസ്മയുടെ മറുപടി.ഒന്നര വർഷമായി മലപ്പുറം ചട്ടിപ്പറന്പിൽ ഇവർ താമസിക്കുന്നുണ്ടെങ്കിലും സിറാജുദ്ദീന് നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ല. അസ്മയുടെ ആദ്യ രണ്ടു പ്രസവങ്ങൾ ആശുപത്രിയിലും പിന്നീടുള്ളവ വീട്ടിലുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ പോക ാൻ പറഞ്ഞിരുന്നെങ്കിലും കേട്ടില്ലെന്ന് അസ്മയുടെ ബന്ധുക്കൾ പറയുന്നു.പ്രസവത്തിന് ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് അസ്മയെ സിറാജുദ്ദീൻ തെറ്റിദ്ധരിപ്പിച്ചിരുന്നു.
സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്ന് മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു അറിയിച്ചു.