വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ആരോപണം
Monday, April 7, 2025 3:23 AM IST
പെരുമ്പാവൂർ: പ്രസവവേദനയുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് കൂട്ടാക്കാതിരുന്നതിനെത്തുടർന്ന് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ അറയ്ക്കപ്പടി മോട്ടികോളനിയിൽ കൊപ്പറമ്പിൽ വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകൾ അസ്മ (35) യാണു ശനിയാഴ്ച രാത്രി മരിച്ചത്.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലായിരുന്നു സംഭവം. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിലേക്ക് എത്തിച്ചു. സംശയം തോന്നിയ ആംബുലൻസ് ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി സംസ്കാരം തടയുകയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. മലപ്പുറം പോലീസ് പെരുന്പാവൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ മലപ്പുറം ചട്ടിപ്പറന്പില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയാണ്. അയല്‍ക്കാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും കുഞ്ഞിനെപ്പോലും സിറാജുദ്ദീൻ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും, പെരുമ്പാവൂരിൽ എത്തിയശേഷം അയല്‍വാസികളാണ് കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യആശുപത്രിയിലേക്കു മാറ്റിയതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.
യുട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദ്ദീനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. അക്യുപങ്ചർ രീതി പ്രകാരം വീട്ടില്‍ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിച്ചതെന്നാണു വിവരം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഇന്ന് കബറടക്കം നടത്തും.
അതിനിടെ സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിനെത്തുടർന്ന് ഇയാൾ പെരുമ്പാവൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.