മലപ്പുറം ഒരു പ്രത്യേക രാജ്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
Sunday, April 6, 2025 2:46 AM IST
എടക്കര: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേക ചില ആളുകളുടെ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി നിലമ്പൂർ യൂണിയൻ കണ്വൻഷൻ ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് വിവാദ പരാമർശം.
മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണ്. നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടുപോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശംപോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് കിട്ടിയില്ല. മഞ്ചേരി ഉള്ളതുകൊണ്ടും ഇവിടെ ഒരു സ്ഥാപനമുള്ളതുകൊണ്ടും നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും വിദ്യാഭ്യാസം ലഭിച്ചു. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ.
എന്തുണ്ട് മലപ്പുറത്ത്? ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല.
കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ ജനസംഖ്യയിൽ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. ഇരുപത്തയ്യായിരം ക്രിസ്ത്യാനികളും. എന്നാൽ, പോലും ഒരു പരിരക്ഷയും പരിഗണനയും ഹിന്ദുക്കൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.