ബേബി ഇനി പാര്‍ട്ടിയിലെ ‘ബിഗ് ബി’
ഡി. ദിലീപ്
Monday, April 7, 2025 3:13 AM IST
തിരുവനന്തപുരം: വിഷയമേതായാലും അവയിലെല്ലാം പോരാട്ടത്തിനുള്ള മാര്‍ഗവും ഒളിഞ്ഞിരിപ്പുണ്ടാവും. സൈദ്ധാന്തികമായി അതു കണ്ടെത്തുന്നതില്‍ എം.എ. ബേബിയോളം പ്രാഗല്ഭ്യമുള്ള നേതാക്കള്‍ ഇടതുപക്ഷത്തില്ലെന്നു തന്നെ പറയാം; എല്ലാം പോരാട്ടമായി കാണാന്‍ ആഹ്വാനം ചെയ്യുന്ന നേതാവ്. രാഷ്ട്രീയത്തില്‍ മാത്രമല്ല കലയിലും സാഹിത്യത്തിലും സിനിമയിലും സംസ്കാരത്തിലും സംഗീതത്തിലുമെല്ലാം പോരാട്ടത്തിന്റെ സൈദ്ധാന്തിക വഴികള്‍ എക്കാലവും ബേബി തുറന്നിട്ടു. സിപിഎമ്മിന്റെ വ്യവസ്ഥാപിതമായ ചട്ടക്കൂടില്‍ നില്ക്കുമ്പോള് തന്നെ പുതിയ ആശയഗതികളുമായി സംവദിച്ചു.
പ്രത്യയശാസ്ത്ര തർക്കങ്ങളിൽ സാക്ഷാല്‍ ഇഎംഎസിനോട് പോലും തര്‍ക്കിച്ച ‘ബേബി’യാണ് ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ‘ബിഗ് ബി’.
1975ല്‍ എം.എ. ബേബി എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നാലെ ഡിവൈഎഫ്ഐയിലും സിപിഎമ്മിലും സജീവമായി. 1979ല്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ ബേബി 1985ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തി. 1987ല്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായതിനു പിന്നാലെ 1989ല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ബേബി സിപിഎമ്മിന്റെ അനിഷേധ്യ നേതാവായി മാറി.
1986ല്‍ 32-ാം വയസില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി പാര്‍ലമെന്റിലെയും ‘ബേബി’യായി. 1992 ല്‍ വീണ്ടും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന്റെ പ്രത്യേക താത്പര്യത്തില്‍ കേരളത്തിലേക്ക് ചുവടു മാറ്റിയ എം.എ. ബേബി 2006ല്‍ കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. വി.എസ്. സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി. എന്നാൽ വിഭാഗീയതയിൽ ഒരു പക്ഷത്തും ഇല്ലെന്ന് വരുത്താനും ബേബി പ്രത്യേകം ശ്രദ്ധിച്ചു. 2011 ല്‍ രണ്ടാമതും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ സിപിഎം പോളിറ്റ് ബ്യൂറോയിലുമെത്തി.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2016ല്‍ നിയമസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ എം.എ. ബേബി തന്റെ പ്രവര്‍ത്തന മണ്ഡലം വീണ്ടും ഡല്‍ഹിയിലേക്ക് മാറ്റി.
പിന്നീട് പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ ഇടപെട്ടുവരുന്നതിനിടയിലാണ് 71-ാം ജന്മദിനത്തില് പാര്‍ട്ടിയെ നയിക്കുക എന്ന പുതിയ ദൗത്യം ബേബിയെ തേടിയെത്തുന്നത്.