വിലക്കയറ്റം സർക്കാരിനു തുണയായി; നികുതി വരുമാനം ഉയർന്നു
Sunday, April 6, 2025 2:46 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: അവശ്യ സാധനങ്ങൾക്ക് അടക്കം വിലക്കയറ്റം അതിരൂക്ഷമായത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും കുതിപ്പേകി. 2023-24 സാന്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം 74,329 കോടി രൂപയായിരുന്നെങ്കിൽ 2024-25ൽ ഇത് 81,627 കോടി രൂപയായി ഉയർന്നു. 7.9 ശതമാനത്തിന്റെ നികുതി വർധന. ചരക്കു സേവന നികുതി നിലവിൽ വന്ന ശേഷം 20% വർധന വരുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ.
നികുതി പിരിവു കാര്യക്ഷമമാക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനകളാണ് നികുതി വരുമാനത്തിലെ വർധനയ്ക്കു പ്രധാന കാരണമെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്.
എന്നാൽ, വിലക്കയറ്റത്തോത് ഉയർന്നത് ഒരു പരിധി വരെ സംസ്ഥാനത്തിന്റെ ചരക്കു സേവന നികുതി വരുമാനത്തിൽ അടക്കം വളർച്ചയ്ക്ക് ഇടയാക്കിയെന്നാണ് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബ്രാൻഡഡ് അരിക്ക് അടക്കം സംസ്ഥാനം 2023-24 ലെ ബജറ്റിൽ നികുതി ഏർപ്പെടുത്തിയിരുന്നു.
അതിനിടെയും, വൻതോതിൽ നികുതി വരുമാനം ലഭിക്കേണ്ട ഇടങ്ങളിൽനിന്നു നികുതിച്ചോർച്ച തടയാൻ സംസ്ഥാനം ഫലപ്രദമായ നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ലെന്ന വിമർശനവുമുണ്ട്.
ക്വാറികൾ അടക്കമുള്ള മേഖലകളിൽ വൻതോതിൽ നികുതിചോർച്ച നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ബാറുകൾ അടക്കമുള്ളവയ്ക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതു വഴി ഖജനാവിലേക്ക് എത്തേണ്ട കോടികൾ നഷ്ടമാകാനും ഇടയാക്കിയിട്ടുണ്ട്.
സേവന നിരക്കുകൾ കൂട്ടി
ആശുപത്രി ഒപി ടിക്കറ്റുകളും സർവകലാശാല ഫീസുകളും അടക്കമുള്ളവയുടെ നിരക്ക് ഉയർത്തിയതു വഴി സംസ്ഥാനത്തെ നികുതിയേതര വരുമാനത്തിലും വലിയ തോതിൽ വർധന വരുത്താനായി.
കഴിഞ്ഞ ഒൻപതു വർഷത്തിനിടെ നികുതിയേതര വരുമാനം ഇരട്ടിയോളമായി ഉയർത്താനായി. 2016-17ൽ സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം 9,699 കോടി രൂപയായിരുന്നു. 2024-25ൽ 17,906 കോടി രൂപയാക്കി ഉയർത്താനായി. നടപ്പു സാന്പത്തിക വർഷം 19,145 കോടിയുടെ നികുതിയേതര വരുമാനമാണ് ലക്ഷ്യമിടുന്നത്.
നികുതി- നികുതിയേതര വരുമാനത്തിൽ വലിയ വർധനയുണ്ടായിരുന്നില്ലെങ്കിൽ ട്രഷറി പൂട്ടേണ്ട സാഹചര്യമുണ്ടാകുമായിരുന്നുവെന്നാണു ധനവകുപ്പു വിലയിരുത്തൽ.