എട്ടാം ക്ലാസിലെ മിനിമം മാർക്ക്: 10 ശതമാനം പേർക്ക് ഇ ഗ്രേഡ്
Monday, April 7, 2025 12:48 AM IST
തിരുവനന്തപുരം: എട്ടാം ക്ലാസിലെ മിനിമം മാർക്ക് അടിസ്ഥാനമാക്കി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് ഏകദേശം 10 ശതമാനം വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും കുറഞ്ഞ ഡ്രേഡായ ഇ ഗ്രേഡ്.
സംസ്ഥാനത്തെ 3136 സ്കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. ഇതിൽ 595 സ്കൂളുകളുടെ പരീക്ഷാ ഫലം കൂടി ലഭ്യമാകാനുണ്ടെ ന്നും അതിനു ശേഷം മാത്രമേ കൃത്യമായ കണക്ക് പറയാൻ കഴിയുകയുള്ളെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
കൂടുതൽ വിദ്യാർഥികൾ പിന്നിൽ പോയത് ഹിന്ദിയിലാണ്. ആകെ 3.87 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 42,810 പേർക്ക് ഹിന്ദിയിൽ ഇ ഗ്രേഡ് ആണ് ലഭിച്ചത്. ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്. 24,192 പേർക്ക് .
വിവിധ വിഷയങ്ങളിലായി 2,24,175 ഇ ഗ്രേഡുകളാണ് ലഭ്യമായത്. ഏകദേശം പത്ത് ശതമാനം കുട്ടികൾ എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയതായാണ് കണക്കുകൾ. ഒൻപതാംക്ലാസ് പ്രവേശനത്തിന് അധിക പിന്തുണ വേണ്ട വരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. 6.3 ശതമാനം. കുറവ് കൊല്ലം ജില്ലയിലും. 4.2 ശതമാനം.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ പ്രധാനധ്യാപകർ ഇന്ന് രക്ഷിതാക്കളെ അറിയിക്കും.