കെഎസ്ആർടിസിയുടെ 178 ബസുകൾ കട്ടപ്പുറത്ത്
പ്രദീപ് ചാത്തന്നൂർ
Monday, April 7, 2025 2:15 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 178 ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സിഎഫ് ) ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്. 15 വർഷം പൂർത്തിയാക്കാത്ത ബസുകളാണ് വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് മുന്നിൽ ഹാജരാക്കാതെ ഡോക്കിൽ കയറ്റിയിട്ടിരിക്കുന്നത്.
15 വർഷം കാലാവധി കഴിഞ്ഞ 1261 ബസുകൾ പരിവാഹനിൽ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളിൽ സർവീസ് നടത്തുന്നുണ്ട്.
കാലപ്പഴക്കംകൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ബസുകൾക്കുണ്ട്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മാന്വൽ ആയാണ് ഇവയുടെ രജിസ്ട്രേഷൻ സൂക്ഷിക്കുന്നത്.പരിവാഹനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതു കൊണ്ട് ഇൻഷ്വർ ചെയ്യാനും കഴിയില്ല.
കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലോടിക്കുമ്പോഴാണ് കാലാവധി ഉള്ള ബസുകൾ സിഎഫ് ടെസ്റ്റ് നടത്താതെ കട്ടപ്പുറത്തിരിക്കുന്നത്. സിഎഫ് ടെസ്റ്റ് 15 ബസുകൾ കട്ടപ്പുറത്ത് കയറ്റിയ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ് ഇതിൽ മുന്നിൽ. 10 ബസുകൾ സൂക്ഷിക്കുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തും എട്ട് ബസുകൾ സിഎഫ് ടെസ്റ്റ് നടത്താത്ത പാറശാല മൂന്നാം സ്ഥാനത്തുമാണ്.
നിലവിലെ കണക്കനുസരിച്ച് കെഎസ്ആർടിസിക്ക് 4500 ഓളം ബസുകളും പ്രതിദിനം 3400 ഓളം സർവീസുകളുമാണുള്ളത്. പ്രതിദിനം ശരാശരി 18.5 ലക്ഷം യാത്രക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.