കെഎസ്ആർടിസി: കൊറിയർ സർവീസ് പുറം കരാർ നല്‍കുന്നില്ലെന്ന്
Sunday, April 6, 2025 12:40 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് നടത്തുന്നതിന് പുറംകരാർ നല്‍കുന്നില്ലെന്ന് സിഎംഡി പ്രമോജ് ശങ്കർ.
കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് കരാറുകാരെ തിരഞ്ഞെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു കൊണ്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ 24-നാണ്. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് പുറം കരാർ നല്‍കുന്നത് വ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു.
ടിക്കറ്റിതര വരുമാനം നേടുന്നതിന് നടപ്പിലാക്കിയ നവീനപദ്ധതികളിൽ വളരെയധികം ജനപ്രീതിയാർജ്ജിച്ച പദ്ധതിയാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ്. കുറഞ്ഞ കാലയളവിൽ തന്നെ സംവിധാനത്തെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. വൻ സാമ്പത്തിക ലാഭവുമായിരുന്നു.
നിലവിൽ ഡിപ്പോകളിലെ ലോജിസ്റ്റിക്സ് കൗണ്ടറുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ഉപഭോക്താക്കൾക്ക് ഡോർ ഡെലിവറി സൗകര്യം ഉറപ്പാക്കുക എന്നീ നടപടികൾക്ക് മാത്രമായാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്.
കെഎസ്ആർടി സിയുടെ തന്നെ ലോജിസ്റ്റിക്സ് സോഫ്ട്വെയർ ഉപയോഗിച്ച് തന്നെയായിരിക്കും സാധനങ്ങൾ അയക്കുന്നതും സ്വീകരിക്കുന്നതും.
ഓരോ ദിവസത്തെയും ലോജിസ്റ്റിക്സ് വരുമാനം കരാർ കരസ്ഥമാക്കുന്ന ഏജൻസി കെഎസ്ആർടിസിയിലേക്ക് ഒടുക്കുകയും അത് ക്രോഡീകരിച്ച് വരുമാനത്തിന്റെ നിശ്ചിത വിഹിതം പ്രതിമാസം ടെണ്ടർ കരസ്ഥമാക്കുന്ന ഏജൻസിക്ക് നൽകുന്ന രീതിയിലാണ് ടെണ്ടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനും കെഎസ്ആർടി സിക്ക് അധിക വരുമാനം സമാഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയമപരമായ രീതിയിൽ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത് എന്ന് സി എം ഡി അറിയിച്ചു.