വഖഫ് നിയമം: മികച്ച വക്കീലിനെ വച്ച് സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്ന്
കുഞ്ഞാലിക്കുട്ടി
Monday, April 7, 2025 3:13 AM IST
മലപ്പുറം: വഖഫ് നിയമം ന്യൂനപക്ഷ അവകാശത്തിന്റെ പ്രശ്നമാണെന്നും അതുകൊണ്ടുതന്നെ ഭേദഗതിയെ ശക്തമായി എതിർക്കുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് വിഷയം ഒരു അഖിലേന്ത്യ പ്രശ്നമാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളുടെയും നിലപാട് അതുതന്നെയാണ്. അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് കിട്ടാവുന്നതിൽ മികച്ച വക്കീലിനെ വച്ച് വഖഫ് ഭേദഗതി നിയമത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും. പാർലമെന്റ് ഭൂരിപക്ഷ പ്രകാരം ഇത്തരം നിയമങ്ങൾ പാസാക്കുന്പോൾ സുപ്രീംകോടതിയിൽ ഇതിനെ ചോദ്യംചെയ്യാൻ സാധിക്കും.
അതിനു ഭരണഘടന അധികാരം നൽകുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ചർച്ച നടത്തും. ഈ ദേശീയ വിഷയത്തെ നേരിടാൻ നിയമത്തിന്റെ ഏതറ്റം വരെ വേണമെങ്കിലും മുസ്ലിംലീഗ് പോകാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.