മക്കൾ ദൈവദാനം
Sunday, April 6, 2025 2:46 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
നോന്പുകാലത്തു ധ്യാനിക്കേണ്ട പ്രാധാന്യമേറിയ ഒരു ചിന്തയാണ് മക്കളുടെ വളർത്തൽ. വളർത്തുദോഷംകൊണ്ട് മക്കൾ നശിക്കാതിരിക്കാൻ ചാവരുളിൽ ചാവറയച്ചൻ നൽകുന്ന ചില ഉപദേശങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. മക്കൾ ദൈവത്തിന്റെ ദാനമാണ്.
സൂക്ഷിക്കാൻ മാതാപിതാക്കളെ ഏൽപിച്ച നിധികൾ. തിരുരക്തംകൊണ്ട് ശുദ്ധീകരിച്ചു ദൈവശുശ്രൂഷികളാക്കി മടക്കി ഏൽപിക്കേണ്ട ആത്മാക്കളാണ് മക്കൾ. മക്കളിലൊരാൾ നശിച്ചു നരകത്തിൽ പോകാനിടയായാൽ, അതിനു കാരണക്കാരായ മാതാപിതാക്കളും നരകത്തിൽ പോകുമെന്ന് മക്കളെ വളർത്തേണ്ടതെങ്ങനെ എന്ന ഭാഗത്ത് ചാവറയച്ചൻ പറയുന്നു. വാർധക്യത്തിൽ മാതാപിതാക്കളെ ശുശ്രൂഷിക്കാനും രക്ഷിക്കാനുമുള്ളവരാണ് മക്കൾ.
മക്കളുടെ കാര്യം
നല്ലവരാകണമെങ്കിൽ ചെറുപ്പത്തിൽ മക്കൾക്കു നല്ല ക്രൈസ്തവ ജീവിതം നൽകണം. ദൈവപേടിയില്ലെങ്കിൽ അവർ കാരണവന്മാരെ ഭയപ്പെടുകയോ ബഹുമാനിക്കുകയോ ഇല്ല. തിരിച്ചറിവുണ്ടായാലുടൻ പ്രാരംഭ പ്രാർഥനകളെല്ലാം പഠിപ്പിക്കണം. കൊച്ചു കുഞ്ഞുങ്ങളെ ഉടുപ്പ് കൂടാതെ വീടിനുള്ളിൽ പോലും നടത്തരുത്.
അവർക്കു മനസിലാകുന്നില്ലെന്നു വിചാരിച്ചു മോശം വാക്കുകളും സംസാരങ്ങളും അവരുടെ മുന്നിൽ പറയരുത്. അപ്പനമ്മമാരുടെ മുറിയിൽ മക്കളെ കിടത്തരുത്. അതുപോലെ ആണ്കുട്ടികളെയും പെണ്കുട്ടികളെയും ഒരുമിച്ച് ഒരു മുറിയിൽ കിടത്തരുത്. കാരണം, സ്വഭാവത്തിൽ അവർക്ക് അറിവില്ലാത്തത് പിശാച് അവരെ പഠിപ്പിക്കും.
ശിക്ഷിക്കാമോ?
തിരിച്ചറിവുണ്ടായാലുടൻ കുഞ്ഞുങ്ങളെ സ്കൂളിൽ വിടണം. അവർ പഠിക്കുന്നുണ്ടോ, അവരുടെ സംസാരം എങ്ങനെ, കൂട്ടുകാർ ആരൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടെക്കൂടെ അന്വേഷിക്കണം. കുഞ്ഞുങ്ങളെ ബന്ധുക്കളുടെ വീടുകളിൽ താമസിപ്പിക്കുന്നത് നല്ലതല്ല.
മക്കളെ ശിക്ഷിക്കുന്ന കാര്യത്തിലെ ചാവറയച്ചന്റെ നിരീക്ഷണങ്ങൾ ഇങ്ങനെ: മക്കളോട് അധിക കാർക്കശ്യവും എന്നാൽ അധിക വാത്സല്യവും കാണിക്കേണ്ട. അതിവാത്സല്യം കാണിച്ചാൽ മക്കൾ അഹങ്കാരികളായി മാറും അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവരായി മാറും. എന്നാൽ, അധിക കോപവും ശിക്ഷയും കുട്ടികളിൽ ഭയവും ആശ്രയബോധമില്ലായ്മയും ബുദ്ധിമടുപ്പും വരുത്തും.
അമ്മ അപ്പനെ മക്കൾക്കു കാണിച്ചുകൊടുത്തുകൊണ്ട് അദ്ദേഹത്തെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കണം. തിരിച്ച് അപ്പനും അമ്മയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കണം. ചെറുപ്പത്തിൽത്തന്നെ ലോകനടപ്പെന്നു പറഞ്ഞുകൊണ്ട് നുണയും സൂത്രങ്ങളും കുട്ടികളെ പഠിപ്പിക്കരുത്. വൈകുന്നേരത്തെ കുടുംബ പ്രാർഥനയിൽ മക്കളെല്ലാവരും വീട്ടിലുണ്ടായിരിക്കണമെന്നു മാതാപിതാക്കൾ നിർബന്ധം വയ്ക്കണം.
മക്കൾക്കു കൊടുക്കേണ്ടത്
പ്രായമാകുന്പോൾ അവരുടെ ഇഷ്ടപ്രകാരമുള്ള ജീവിതാന്തസ് തെരഞ്ഞെടുക്കാനുള്ള പൂർണസ്വാതന്ത്ര്യം അവർക്കു നൽകണം. എന്തുകൊണ്ടെന്നാൽ അവരുടെ അന്തസിനെ നിശ്ചയിക്കുന്നതു ദൈവത്തിന്റെയും തെരഞ്ഞെടുക്കുന്നത് മക്കളുടെയും കാര്യമാകുന്നു. ഇതു മാതാപിതാക്കളുടെ ഉത്തരവാദിത്വമല്ല. മാതാപിതാക്കൾ മരിക്കുന്നതിനു മുന്പ് തന്നെ മക്കളെ വേറെ വേറെ വീടുകളിൽ മാറ്റിത്താമസിപ്പിക്കണം.
ബോധത്തിനു ബലക്ഷയം വരുന്നതിനുമുന്പ് അവർക്കു വസ്തുവകകൾ ഭാഗം ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ മരണത്തിനു ശേഷം അവർ തമ്മിൽ ഉണ്ടാകുന്ന വഴക്ക്, തർക്കം മുതലായ പാപങ്ങൾക്കു മാതാപിതാക്കൾ ഉത്തരവാദികളാകും.
മക്കൾക്കു നല്ല പുസ്തകങ്ങൾ ധാരാളം വാങ്ങിക്കൊടുത്ത് അവരെക്കൊണ്ടു വായിപ്പിക്കുക. നല്ല പുസ്തകങ്ങളാണ് മക്കൾക്കു നൽകാവുന്ന ഏറ്റവും വലിയ സന്പത്ത്... - ചാവറയച്ചന്റെ ഈ ഉപദേശങ്ങൾ നോന്പുകാല ചിന്തകൾക്കു കൂടുതൽ ആഴം നൽകും.