ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും: മാര്‍ ജോസഫ് പാംപ്ലാനി
Sunday, April 6, 2025 2:46 AM IST
കോഴിക്കോട്: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വഖഫ് വിഷയം സാമുദായികമല്ല; സാമൂഹികനീതിയുടെ വിഷയമായാണ് കണക്കാക്കുന്നത്.
വഖഫിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പാംപ്ലാനി.
സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാന്‍ എംപിമാരോട് ആവശ്യപ്പെട്ടതിന് വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് അധിക്ഷേപിക്കുകയാണ്. വലിയ വെല്ലുവിളികളാണ് ക്രൈസ്തവ സമുദായം നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സമരപ്രഖ്യാപനം തന്നെയാണ്. സമരം ചെയ്യാനിറങ്ങുക അത്രമേല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.
സമരം ചെയ്യാനിറങ്ങി എന്നത് വസ്തുതയാണെങ്കില്‍ വച്ചകാല് പിന്നോട്ടില്ല. ഉത്തരവാദപ്പെട്ടവര്‍ അത് മനസിലാക്കിയാല്‍ അവര്‍ക്കു നന്ന്. ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കിയേ മതിയാവൂ. ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എന്നത് ശരിയല്ല. അത് തിരുത്തേണ്ടതാണ്. അതാണ് നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയന് വളരെ ഇച്ഛാശക്തിയുള്ള ആളാണ്. കാര്യപ്രാപ്തിയുള്ളയാളാണ്. എന്നാല്‍ ഒന്ന് ചോദിക്കുന്നു, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ടാണ്. ഇത് ക്രിസ്ത്യന്‍ സമുദായത്തോടുള്ള അവഹേളനമല്ലെങ്കില്‍ പിന്നെ എന്താണ്? ഇനിയും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ലെങ്കില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സമുദായം നിര്‍ബന്ധിതമാകും.
ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫിക്സഡ് ഡെപ്പോസിറ്റായി കരുതിയ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്താല്‍ നന്ന്. വന്യമൃഗശല്യത്തിന്റെ കാര്യത്തില്‍ ഒരു കാര്യം പറയാം. കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ ഇനി കാട്ടുപന്നികളായി കണക്കാക്കില്ല. യഥേഷ്ടം കൈകാര്യം ചെയ്യും.
കര്‍ഷകരുടെ വീടുകളില്‍ എത്തി ചട്ടിയുടെ മൂടി തുറക്കുന്ന പരിപാടി ഇനി നടക്കില്ല. വന്യജീവി പ്രതിരോധസേനയെ തന്നെ ഇതിനായി നിയോഗിക്കും. ഇവര്‍ക്ക് അനധികൃതമായി കൃഷിയിടത്തില്‍ എത്തുന്ന വനപാലകരെ പ്രതിരോധിക്കേണ്ടിവരും.
ജബല്‍പുരില്‍ വൈദികര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിലും ആര്‍ച്ച്ബിഷപ് പ്രതികരിച്ചു. ജബല്പൂരില് വൈദികന് മാത്രമല്ല അടിയേറ്റത്. ഭാരതത്തിന്റെ മതേതരത്വത്തിന്റെ തിരുമുഖത്താണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമായി സംഘടിക്കാന്‍ തയാര്‍: മാര്‍ ഇഞ്ചനാനിയില്‍
ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയമായി സംഘടിക്കണമെങ്കില്‍ അതിനും തയാറാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയമാണിത്.
വനപാലകര്‍ വീട്ടില്‍ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാന്‍ ധൈര്യപ്പെടരുത്. അതിനുള്ള കൂട്ടായ്മ രൂപീകരിക്കും. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതിക്കൊടുക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കില്‍ രാജിവച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ 19 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി.
താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, ഗ്ളോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ക്രിസ്ത്യന്‍ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, സെക്രട്ടറി ഷാജി കണ്ടത്തില്‍, പാസ്റ്ററൽ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, ഗ്ലോബല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, അല്‍മായഫോറം സെക്രട്ടറി ജോര്‍ജ് കോയിക്കല്‍, കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു, കെസിവൈഎം താമരശേരി രൂപത പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.