മരിയന്‍ അലക്സാണ്ടര്‍ ബേബി എന്ന എം.എ. ബേബി
ജിബിന്‍ കുര്യന്
Monday, April 7, 2025 3:13 AM IST
കോട്ടയം: വെള്ള ഹാഫ് സ്ലീവ് ഷര്‍ട്ട്, കൈയില്‍ പുസ്തകം, തോളില്‍ തുണിസഞ്ചി, ഉള്ളില്‍ സംഗീതം, കണ്ണില്‍ ഫുട്ബോളും ടെന്നീസും, നരച്ച താടിയില്‍ കൈകൊണ്ടു എപ്പോഴും തലോടല്‍.
പേര് ബേബിയാണെങ്കിലും ഇനി മുതല്‍ ഇന്ത്യയിലെ സിപിഎമ്മിന്റെ ക്യാപ്റ്റനാണ്. മരിയന്‍ അലക്സാണ്ടര്‍ ബേബി എന്ന എം.എ.ബേബി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പിതാവ് അലക്സാണ്ടറെ പോലെ ജ്ഞാനസ്നേഹിയായിരുന്നു, ഒപ്പം അറിവിനായി അര്‍പ്പിച്ച ജീവിതവും. പുനലൂര്‍ എന്എസ്വി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന അലക്സാണ്ടറിനൊപ്പം സദാസമയവും ആ സ്കൂള്‍ പരിസരത്തെ ബേബിയായി ബേബിയുണ്ടായിരുന്നു.
പിതാവില്‍ നിന്നു അച്ചടക്ക ശീലവും പുസ്തക പ്രേമവും ചെറുപ്പത്തിലേ പഠിച്ചു. കുണ്ടറ പ്രാക്കുളം ലത്തീന്‍ കത്തോലിക്ക പള്ളിയില്‍ പ്രാര്‍ഥന ശീലമാക്കിയ അമ്മ ലില്ലിയുടെ കൈ പിടിച്ചു പോയ ബേബി പിന്നീട് അതേ പള്ളിയില്‍ അള്ത്താരബാലനുമായി. സ്നേഹിതരോടും ഇഷ്ടമുള്ളതിനോടും എപ്പോഴും ബേബിക്ക് ശാന്തഭാവമാണ്. ഇഷ്ടമില്ലാത്തവയോട് നിസംഗതയും.
തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്തുള്ള ക്വാര്‍ട്ടേഴ്സിലെ ഒരു മുറിയില്‍ അന്യര്‍ക്ക് പ്രവേശനം പോലുമില്ല. ശ്വാസം മുട്ടിക്കുന്ന പുസ്തക കൂമ്പാരമാണ് നിറയെ. നില്ക്കാന് ഇടമില്ലാത്തതിനാല്‍ ബേബിക്കു പോലും കയറാന്‍ ബുദ്ധിമുട്ടാണ്. എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയില്‍ ഒരു ദിവസം എഴുത്തിനും വായനയ്ക്കുമായി ബേബി മാറ്റിവയ്ക്കും. വസ്ത്രകാര്യത്തിലും ബേബിക്ക് ചില നിഷ്കര്‍ഷകളുണ്ട്.
വിദ്യാര്‍ഥി യുവജനകാലത്ത് ബ്രാന്‍ഡഡ് ഷര്‍ട്ടും ജീന്‍സും ഒക്കെ ധരിച്ചിരുന്ന ബേബി ഇപ്പോള്‍ വെള്ളയും ഒറ്റക്കളറുമുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടുകളാണ് ഇഷ്ടപ്പെടുന്നത്. കൊല്ലംകാരനായതു കൊണ്ടാകും ഞണ്ടും കല്ലുമ്മേക്കായും മത്സ്യവും ആയിരുന്നു ഏറെ ഇഷ്ടം. ഇപ്പോള്‍ ഭക്ഷണം എല്ലാം ലളിതമാക്കി ചുരുക്കുകയും ചെയ്തു.
സമീപനങ്ങളില്‍ കടുംപിടുത്തമില്ലാത്ത ബേബിക്ക് രണ്ടു കാര്യങ്ങളോടായിരുന്നു പിണക്കം. അക്ഷരത്തെറ്റും ഭക്ഷണം ബാക്കിയാക്കലും. സ്വന്തം വീട്ടിലും അതിഥിയായി എത്തുന്നിടത്തും ഭക്ഷണം കഴിച്ചാല്‍ പ്ലേറ്റുകള്‍ കഴുകി വൃത്തിയാക്കി അടുക്കളയില്‍ വച്ചിട്ടേ ബേബി പിന്മാറൂ. ഡീഗോ മറഡോണയാണ് ദൈവം, ഊണിലും ഉറക്കത്തിലും സംഗീതമായി കഴിയുന്ന ബേബിക്ക് യേശുദാസെന്നു പറഞ്ഞാല്‍ ഏഴുനാവാണ്. ഇന്ത്യയിലെ എല്ലാ സംഗീതജ്ഞരുമായി നേരിട്ടു ബന്ധമുള്ളയാളാണ്. സ്വരലയയുടെ പരിപാടികളില്‍ ഇവരെ കൊണ്ടുവരാനും ശ്രദ്ധിച്ചിരുന്നു.
സാംസ്കാരിക മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ കൊച്ചിന് ബിനാലേ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. പരന്ന വായനയിലൂടെയും ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള ത്വരയിലൂടെയും ക്രിയാത്മകമായ സംവാദങ്ങള്‍ക്കുള്ള സന്നദ്ധതയിലൂടെയും സിപിഎമ്മിലെ വ്യത്യസ്ത നേതാവായി ബേബി മാറി.
ലോകത്തെ അറിയാനും അറിവിനെ ആയുധമാക്കാനും ബേബി എപ്പോഴും ശ്രദ്ധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യവസ്ഥാപിത ചട്ടക്കൂടില്‍ നില്ക്കുമ്പോള് തന്നെ പുതിയ ആശയങ്ങള്‍ക്കായി സംവദിക്കാന്‍ ബേബിക്ക് മടിയില്ലായിരുന്നു. 12-ാം വയസില്‍ കമ്മ്യൂണിസ്റ്റുകാരനായി മാറിയ എം.എ. ബേബി ഇഎംഎസിനു ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി കൂടിയാണ്.
24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത ചില തന്ത്രപരമായ തീരുമാനങ്ങളാണ് ബേബിയെ ജനറല്‍ സെക്രട്ടി സ്ഥാനത്തേക്ക് തുണച്ചത്. ക്രൈസ്തവ സഭകളുമായി കൂടുതല്‍ ചര്‍ച്ചയ്ക്കും ബേബിയുടെ കടന്നുവരവ് സഹായകമാകുമെന്നു സിപിഎം വിലയിരുത്തുന്നുണ്ട്. പ്രത്യയശാസ്ത്ര പ്രതിബദ്ധത, പ്രായോഗിക സമീപനങ്ങള്‍, സാംസ്കാരികരംഗവുമായുള്ള അടുപ്പം, ആശയ വ്യക്തത, ഉറച്ച നിലപാടുകള്‍ പുതിയ കാലത്ത് സിപിഎമ്മിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ സെക്രട്ടറിയാണ് ബേബി.