വയനാട് ചുരം റോപ്വേ പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു
ബിനു ജോര്‍ജ്
Monday, April 7, 2025 2:39 AM IST
കോഴിക്കോട്: താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി വെസ്റ്റേണ്‍ ഗാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച വയനാട് റോപ്വേ പദ്ധതിയില്‍ പങ്കാളിയാകാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് വികസന കോര്പറേഷന് (കെഎസ്ഐഡിസി) സര്‍ക്കാര്‍ അനുമതി നല്കി. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ ഏജന്‍സി പങ്കാളിയാകുന്നതോടെ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയെ സംബന്ധിച്ചുള്ള നിയമക്കുരുക്കുകള്‍ നീങ്ങുമെന്നാണ് പ്രതീക്ഷ.
വയനാട് ലക്കിടിയിലും അടിവാരത്തും റോപ്വേയുടെ ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ലക്കിടിയില്‍ കണ്ടെത്തിയ രണ്ടേക്കറോളം ഭൂമിയില്‍ ഒന്നര ഏക്കറോളം പാരിസ്ഥിതിക ലോല മേഖലയിലാണുള്ളത്. അടിവാരത്ത് കണ്ടെത്തിയ ഭൂമി മുന്‍പ് റബര്ത്തോട്ടമായിരുന്നു. പദ്ധതിക്കായി ഈ ഭൂമി തരംമാറ്റണം. ലക്കിടിയിലെ സ്ഥലത്തിന്റെ നിയമക്കുരുക്ക് വനംവകുപ്പുമായി ബന്ധപ്പെട്ട് പരിഹരിച്ചിട്ടുണ്ട്.
പക്ഷേ, അടിവാരത്തെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ വര്‍ഷങ്ങളായി റവന്യൂവകുപ്പില്‍ കെട്ടിക്കിടന്ന സാഹചര്യത്തില്‍, പദ്ധതി നടത്തിപ്പിനു പിപിപി മാതൃക സ്വീകരിക്കണമെന്ന നിര്‍ദേശം വെസ്റ്റേണ്‍ ഗാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സര്‍ക്കാരിനു മുന്‍പാകെ വയ്ക്കുകയായിരുന്നു. ഇതംഗീകരിച്ച സര്‍ക്കാര്‍, പദ്ധതിക്ക് ആവശ്യമുള്ള മുഴുവന്‍ ഭൂമിയും കെഎസ്ഐഡിസിക്കു കൈമാറണമെന്ന നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട്.
അടിവാരത്തും ലക്കിടിയിലുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി വെസ്റ്റേണ്‍ ഗാട്ട്സ് കമ്പനി വിലകൊടുത്തു വാങ്ങിയിട്ടുണ്ട്. റവന്യു വകുപ്പ് മുഖേന ഭൂമി കെഎസ്ഐഡിസിക്ക് ഉടന്‍ കൈമാറും. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി കൂടി റോപ്വേ പദ്ധതിക്ക് ലഭിക്കാനുണ്ട്.
പിപിപി മാതൃകയാക്കിയതോടെ അനുമതിക്കു തടസമുണ്ടാകില്ലെന്നും വരുന്ന മൂന്നു മാസത്തിനുള്ളില്‍ റോപ്വേ പദ്ധതിയുടെ തറക്കല്ലിടല്‍ നടത്താനാകുമെന്നാണു പ്രതീക്ഷയെന്നും വെസ്റ്റേണ്‍ ഗാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയര്മാന് ജോണി പാറ്റാനി പറഞ്ഞു. കെഎസ്ഐഡിസിക്കു ഭൂമി കൈമാറുന്നതോടെ തരംമാറ്റല്‍ നടപടിയില്‍ നിന്നൊഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
200 കോടി രൂപ ചെലവു കണക്കാക്കുന്ന വയനാട് റോപ്വേ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നേരത്തേതന്നെ കോല്‍ക്കത്ത ആസ്ഥാനമായ ഒരു കമ്പനി തയാറാക്കിയിരുന്നു.
വെസ്റ്റേണ്‍ ഗാട്ട്സ് കമ്പനിയുടെ ഷെയര്‍ വില്പനയിലൂടെ പദ്ധതിക്കാവശ്യമായ പണം സമാഹരിക്കാനാണ് നീക്കം. നിരവധി ആളുകള്‍ വയനാട് റോപ്വേയ്ക്കായി പണം മുടക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ജോണി പാറ്റാനി പറഞ്ഞു.
ചുരം മേഖലയില്‍ ടവറുകള്‍ സ്ഥാപിച്ച് അതിലൂടെ കേബിള്‍ കാര്‍ യാഥാര്‍ഥ്യമാക്കാനാണു ഉദേശിക്കുന്നത്. കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാനുതകുന്ന ഈ പദ്ധതി ടൂറിസത്തിനും മുതല്‍ക്കൂട്ടാകുമെന്നാണു പ്രതീക്ഷ. ചുരത്തിലെ മരങ്ങള്‍ നശിപ്പിക്കാതെയും വന്‍തോതില്‍ നിര്‍മാണങ്ങള്‍ നടത്താതെയും ടവര്‍ സ്ഥാപിച്ച് റോപ്വേ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് വെസ്റ്റേണ്‍ ഗാട്ട്സ് കമ്പനി പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്.
ചുരത്തിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ടുള്ള ആകാശയാത്ര സാധ്യമാക്കുന്ന റോപ്വേ പദ്ധതിയില്‍ 40നും 50നും ഇടയില്‍ കേബിള്‍ കാറുകളുണ്ടായിരിക്കും. റോപ്വേ ശൃംഖലയില്‍ ചുരത്തിലെ 3.675 കിലോമീറ്റര്‍ ദൂരമാണുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ് വേ ആയിരിക്കും ഇത്. ചുരം മേഖലയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. റോപ്വേ യാഥാര്‍ഥ്യമായാല്‍ 15 മിനിറ്റ് സമയംകൊണ്ടു മറുവശത്തെത്താം.