കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ. സുധാകരന്
Sunday, April 6, 2025 2:46 AM IST
തിരുവനന്തപുരം: വഖഫ് ബില്‍ പാസാക്കി മുസ്ലിംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
ആര്‍എസ്എസ് മുഖപത്രമായ "ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം കത്തോലിക്കാ സഭയുടെ പക്കല്‍ 20,000 കോടി രൂപയുടെ സ്വത്തും 17.29 കോടി ഏക്കര്‍ ഭൂമിയും ഉണ്ട്. സംശയാസ്പദമായ രീതിയിലാണ് സഭയ്ക്ക് ഇത്രയധികം സ്വത്ത് ലഭിച്ചത്. ബ്രിട്ടീഷ് ഗവൺമെന്റ് നല്കിയ ഭൂമി സഭയുടേതല്ലെന്ന് സര്‍ക്കുലര്‍ ഉണ്ടെങ്കിലും തൃപ്തികരമായ രീതിയില്‍ അവ പിടിച്ചെടുക്കാനായില്ല.
ഭൂമിയുടെ നിയമസാധുതതന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ആര്‍എസ്എസ് മുഖപത്രം പറയുന്നു.
വഖഫ് ഭൂമിയേക്കാൾ കൂടുതലാണ് സഭയുടെ ആസ്തി. ‘ആര്‍ക്കാണ് കൂടുതല്‍ ഭൂമി, പള്ളിക്കോ വഖഫ് ബോര്‍ഡിനോ’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. മുസ്ലിംകള്‍ക്കു പിന്നാലെ സഭയെ വേട്ടയാടുന്നതിന് നാന്ദിയായുള്ള കളമൊരുക്കുകയാണിപ്പോള്‍. പച്ചക്കള്ളങ്ങളും വര്‍ഗീയതയും കുത്തിനിറച്ചതാണ് ലേഖനം.
വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് ബെന്നി ബെഹനാന് എംപി രാജിവച്ചെന്ന് അദ്ദേഹത്തിന്റെ ഫോട്ടോവച്ച് കള്ളപ്രചാരണം നടത്തുന്ന പ്രസിദ്ധീകരണമാണ് ഓര്‍ഗനൈസര്‍.
ക്രൈസ്തവരും മുസ്ലിംകളും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ആര്‍എസ്എസ് സർ സംഘചാലകായിരുന്ന എം. എസ്. ഗോള്‍വാൾക്കര്‍ 1966ല്‍ ബഞ്ച് ഓഫ് തോട്ട്സ് എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് യാഥാര്‍ഥ്യമാകുന്നു എന്നതിന്റെ സൂചനകളാണ് ലേഖനത്തില്‍ ഉള്ളതെന്ന് സുധാകരന് ചൂണ്ടിക്കാട്ടി.