വ്യാജം, ആ ദൃശ്യങ്ങൾ; തൊഴില്‍പീഡനം നടന്നിട്ടില്ലെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്
Monday, April 7, 2025 3:23 AM IST
കൊച്ചി: സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ടാർജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരില്‍ ജോലിക്കാരുടെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടു കുത്തിച്ച് നടത്തിക്കുകയും വസ്ത്രം ഉരിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവം വ്യാജമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍.
അന്വേഷണത്തില്‍ തൊഴില്‍ പീഡനം നടന്നിട്ടില്ലെന്നു വ്യക്തമായി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പിന് ഇന്ന് കൈമാറും. പ്രചരിച്ച ദൃശ്യങ്ങളിലുള്ള രണ്ട് യുവാക്കളുടെയും സ്ഥാപനത്തിലെ സ്ത്രീജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ദൃശ്യങ്ങള്‍ വ്യാജമാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ ലേബര്‍ ഓഫീസര്‍ക്കും പോലീസിനും ലഭിച്ചിട്ടുണ്ട്.
കേസെടുക്കുന്നത് പരിഗണനയിൽ
കൊച്ചി: തൊഴില്‍പീഡനമെന്ന പേരില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കുന്നത് പരിശോധിച്ച് പോലീസ്. സര്‍ക്കാര്‍ വകുപ്പുകളെയടക്കം തെറ്റിദ്ധരിപ്പിച്ച വീഡിയോയ്ക്കു പിന്നിൽ എന്താണെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ വീഡിയോ പ്രചരിക്കാനിടയായ സാഹചര്യം, ചെയ്തത് എന്തിനുവേണ്ടി, പ്രചരിപ്പിച്ചത് ആര് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടവരില്നിന്ന് മൊഴി രേഖപ്പെടുത്താനാണു പോലീസിന്റെ നീക്കം.
വിശദ അന്വേഷണം നടത്തുമെന്ന് തൊഴിൽ മന്ത്രി
തിരുവനന്തപുരം: കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിലെ തൊഴിൽ പീഡനം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്നു മന്ത്രി വി. ശിവൻകുട്ടി. നാല് മാസം മുന്‍പുണ്ടായ സംഭവമാണിത്. ജില്ലാ ലേബർ ഓഫീസറുമായി സംസാരിച്ചപ്പോൾ സംഭവത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കേണ്ടതാണെന്നു വ്യക്തമായി. സംഭവം കണ്ടവരാരും പരാതിയുമായി വന്നിട്ടില്ല. വിശദമായി അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ലേബർ ഓഫീസറോട് നിർദേശിച്ചിട്ടുണ്ട്.
തൊഴിൽപീഡനം നടന്നിട്ടുണ്ടെങ്കിൽ സ്ഥാപനം പൂട്ടിക്കാൻ സർക്കാരിന് ഒരു മടിയുമില്ല. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഐഎഎസ് തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനത്തെ മോശമാക്കാൻ ചിത്രീകരിച്ചതെന്ന്
കൊച്ചി: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവം തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍. സ്ഥാപനത്തെ മോശമാക്കാനുള്ള ശ്രമമാണു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ നടന്നതെന്ന് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന യുവാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയില്‍ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് തൊഴില്‍ പീഡനം എന്നപേരില്‍ പുറത്തുവന്നിട്ടുള്ളത്.
സ്ഥാപനത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മുന്‍ മാനേജര്‍ മനാഫ് മനഃപൂര്‍വം വീഡിയോ ചിത്രീകരിച്ചതാണെന്ന് യുവാക്കള്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ ഉബൈല്‍ അവധിയിലായിരുന്ന സമയത്തായിരുന്നു ഈ സംഭവം. മനാഫ് പറഞ്ഞ പ്രകാരമാണ് ഇപ്പോള്‍ വീഡിയോയില്‍ കാണുന്നതുപോലെ തങ്ങള്‍ പ്രവര്‍ത്തിച്ചത്.
വീഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫാണ്. വീഡിയോ എടുത്തത് ഉബൈല്‍ അറിഞ്ഞപ്പോള്‍ മനാഫിനോടു കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. സംഭവത്തിന്റെ പേരില്‍ കമ്പനിയില്‍നിന്ന് മനാഫിനെ പുറത്താക്കുകയും ചെയ്തിരുന്നു. മനാഫിന് ഉബൈലിനോടു വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. സ്ഥാപനത്തെ മോശമാക്കാനും പൂട്ടിക്കാനും വേണ്ടിയാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തൊഴില്‍ പീഡനം നടന്നിട്ടില്ല. മനാഫിനെതിരേ പരാതി നല്‍കുമെന്നും യുവാക്കള്‍ പറഞ്ഞു.