ജഡ്ജിയെ കബളിപ്പിച്ച് 90 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
Sunday, April 6, 2025 12:40 AM IST
കാക്കനാട്: റിട്ട. ജഡ്ജിയെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ കൊച്ചി സൈബർ പോലീസ് പിടികൂടി. കോഴിക്കോട് ചെറിയ വട്ടക്കണ്ടിയിൽ വീട്ടിൽ എൻ. മിർഷാദ് (32), വടകര സ്വദേശി തെങ്ങുള്ളതിൽ വീട്ടിൽ മുഹമ്മദ് ഷർജിൽ (22), കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (24) എന്നിവരാണ് അറസ്റ്റിലായത്.
ആദിത്യ ബിർള ഗ്രൂപ്പിന്റെ ഓഹരിയിൽ നിക്ഷേപിച്ചാൽ വൻ തുക ലാഭമായി ലഭിക്കുമെന്നു വിശ്വസിപ്പിച്ച പ്രതികൾ തൃപ്പൂണിത്തുറ സ്വദേശിയായ ജഡ്ജി ശശിധരൻ നമ്പ്യാരിൽനിന്ന് പിന്നീട് 90 ലക്ഷം രൂപ ഓൺലൈൻ ആപ്പിലൂടെ തട്ടിയെടുക്കുകയായിരുന്നുവെന്ന് കൊച്ചി സിറ്റി സൈബർ പോലീസ് പറഞ്ഞു.
ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലുള്ളത്. അറസ്റ്റിലായ മൂന്നുപേരും ഈ സംഘത്തിന്റെ കേരളത്തിലെ ഇടനിലക്കാരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കു പ്രതിഫലമായി 30 ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ 850 ശതമാനംവരെ ലാഭം നേടാൻ കഴിയുമെന്നു വിശ്വസിപ്പിച്ചതിനെത്തുടർന്നാണ് ഇവർ നൽകിയ ഓൺലൈൻ അക്കൗണ്ടിലേക്ക് ശശിധരൻ നമ്പ്യാർ 2024 ഡിസംബർ നാലിനും 30നും ഇടയിൽ വിവിധ ദിവസങ്ങളിലായി 90 ലക്ഷം നിക്ഷേപിച്ചത്.
ലാഭം കിട്ടാതായതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ശശിധരൻ നമ്പ്യാർ ഹിൽ പാലസ് പോലീസിൽ പരാതി നൽകുകയായിരുന്നു.