സ്നേഹവും ധൈര്യവും
സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ
Monday, April 7, 2025 2:39 AM IST
മാസങ്ങൾ നീണ്ട കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം അന്നമോൾക്കു സ്കൂളിൽ പോകാൻ മടിയും സങ്കടവും. അഴകാർന്ന മുടി ഒന്നുപോലും തലയിൽ ബാക്കിയില്ല. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ മാതാപിതാക്കൾ വിഷമിച്ചു. അപ്പോഴാണ് അവളുടെ ക്ലാസ് ടീച്ചറായ സാറാ അവളെ കാണാൻ വീട്ടിലേക്ക് എത്തിയത്. കുറേ നേരം അവളോടു സംസാരിച്ചു. ഒടുവിൽ അവൾ സ്കൂളിലേക്കു ചെല്ലുമെന്ന ഉറപ്പും വാങ്ങിയാണ് ടീച്ചർ മടങ്ങിയത്.
സാറയുടെ സങ്കടം
മാരകമായ രോഗം പിന്തുടരുന്ന ആ കുരുന്നിനു പറ്റുന്നത്രയും നാൾ കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാനുള്ള അവസരമുണ്ടാക്കണമെന്നു ടീച്ചർ മനസിൽ തീരുമാനിച്ചിരുന്നു.
സാറാ ടീച്ചർ ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു മുൻകൂട്ടി ചില നിർദേങ്ങൾ നൽകി. തിങ്കളാഴ്ച രാവിലെ ക്ലാസ് മുറിയിലേക്കു കയറിവന്ന അന്നമോൾക്കും മാതാപിതാക്കൾക്കും ആ കാഴ്ച വിശ്വസിക്കാനായില്ല. സാറാ ടീച്ചർക്കും ക്ലാസിലെ 33 കുട്ടികൾക്കും തലയിൽ മുടിയില്ല. എല്ലാവരും തല മുണ്ഡനം ചെയ്തിരിക്കുന്നു! തങ്ങളുടെ സഹപാഠിയുടെ സങ്കടത്തിൽ പങ്കാളിയാകാൻ ആ കുരുന്നുകളും അവരുടെ മാതാപിതാക്കളും ഒറ്റക്കെട്ടായി നിന്നു... ഇറ്റലിയിലെ ഒരു സ്കൂളിൽ നടന്ന സംഭവമാണിത്.
ഒരു വ്യക്തിയുടെ സഹനങ്ങളിൽ ഇങ്ങനെ ധൈര്യത്തോടെയും ത്യാഗത്തോടെയും ചേർന്നു നിൽക്കാൻ അപരമായ കരുത്തുവേണം. അത്രയും കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സഹനവും ധൈര്യവും എത്രയധികം സന്തോഷമായിരിക്കും അന്നമോൾക്കും കുടുംബത്തിനും നൽകിയിട്ടുണ്ടാവുക. സ്നേഹമാണ് അവർക്ക് ആ സഹനമേറ്റെടുക്കാൻ കരുത്തു നൽകിയത്. സഹനങ്ങളിൽ ഇങ്ങനെ ചേർന്നുനിന്ന നിരവധി സ്ത്രീകളെ ക്രിസ്തുവിന്റെ പീഡനുഭവ വഴികളിലും കാണാം.
സഹന വഴികളിൽ
പീലാത്തോസിന്റെ കൊട്ടാരം മുതൽ ഗാഗുൽത്താ വരെയുള്ള ക്രിസ്തുവിന്റെ പീഡാസഹന യാത്രയിലും കുരിശിലെ വേദനയുടെ മൂർധന്യാവസ്ഥയിലും ദൈവപുത്രനോടു സധൈര്യം ചേർന്നു നിൽക്കുന്നത് പുരുഷൻമാരേക്കാൾ സ്ത്രീകളാണ്. സത്യത്തിൽ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള ശക്തി പുരുഷനേക്കാൾ സ്ത്രീകൾക്കുണ്ട്. പക്ഷേ, പലപ്പോഴും സ്ത്രീ അതു തിരിച്ചറിയുന്നില്ലെന്നു മാത്രം.
ലോകം മുന്നിലേക്കു വച്ചുനീട്ടുന്ന പ്രതിസന്ധികൾക്കു മുന്നിലും തളരാതെ നിൽക്കാനുള്ള പ്രചോദനമാണ് കുരിശിന്റെ വഴിയിലെ ധൈര്യത്തിന്റെ കാഴ്ചകൾ നമുക്കു നൽകുന്നത്. പ്രണയക്കെണിയായും ലഹരിയായും പ്രലോഭനങ്ങളായും നമുക്കു മുന്നിലേക്ക് എത്തുന്ന പ്രതിസന്ധികളിൽ ഇടറി വീഴാതെ നിൽക്കാൻ ഈ അനുഭവങ്ങൾ നമുക്കു കരുത്തേകണം.
മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹമാണ് ദൈവപുത്രനെ കുരിശെടുക്കാൻ ധൈര്യപ്പെടുത്തിയത്. നമുക്കും ദൈവത്തോടും പ്രിയപ്പെട്ടവരോടുമുള്ള സ്നേഹമാണ് ധൈര്യം പകരേണ്ടത്.
പ്രിയപ്പെട്ടവർക്കും ചുറ്റുപാടുകൾക്കും ഏതു പ്രതിസന്ധിയിലും നന്മ ചെയ്തുകൊടുക്കാനുള്ള വിളി കൂടിയാണിത്. അബലകൾ എന്ന ലോകത്തിന്റെ മുദ്രകുത്തലിലല്ല, കാൽവരി വഴികളിൽ പതിഞ്ഞ സ്നേഹമുദ്രകളിലാണ് ഒാരോ സ്ത്രീയുടെയും ദൃഷ്ടി പതിയേണ്ടത്. ആ സ്നേഹമുദ്രകളോടു മനസടുപ്പിക്കാൻ ഈ നോമ്പുകാലത്തോടു കുറച്ചുകൂടി ചേർന്നു നിൽക്കാം.