അറസ്റ്റിലായ യുവതിക്കെതിരേ വീണ്ടും പോക്സോ കേസ്
Sunday, April 6, 2025 2:46 AM IST
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരേ വീണ്ടും പോക്സോ കേസ്.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ മാസം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്നേഹ മെർലിനെതിരേയാണ് (23) തളിപ്പറമ്പ് പോലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തേ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ വിദ്യാർഥിനിയുടെ സഹോദരനായ പതിനഞ്ചുകാരനെയും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തന്നെ നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പതിനഞ്ചുകാരൻ പോലീസിന് മൊഴി നൽകി.
ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തിയിരുന്നു. പരാതിപ്പെട്ടാൽ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാർച്ച് 14നാണ് സ്നേഹയെ അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപകർക്ക് ഫോൺ ലഭിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോൾ ചില അസ്വാഭാവിക കാര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാരെ അറിയിക്കുകയായിരന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയോട് വാത്സല്യം നടിച്ച് പ്രതി സ്വര്‍ണ ബ്രേസ്ലറ്റും മറ്റും സമ്മാനമായി നൽകി വരുതിയിലാക്കിയാണ് പീഡിപ്പിച്ചത്. സിപിഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും പ്രതിയാണ് യുവതി.