സ്വകാര്യ കമ്പനിയില്‍ തൊഴില്‍ പീഡനമെന്ന്; ദൃശ്യങ്ങള്‍ പുറത്ത്
Sunday, April 6, 2025 2:46 AM IST
കൊച്ചി: സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരില്‍ ജോലിക്കാര്‍ക്ക് ക്രൂരമായ തൊഴില്‍ പീഡനമെന്നു പരാതി. കലൂരിലെ നോര്‍ത്ത് ജനത റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍ വിൽക്കുന്ന പെരുമ്പാവൂരിലെ സ്ഥാപനത്തിലെ ജീവനക്കാരെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണു പ്രചരിക്കുന്നത്.
വസ്ത്രങ്ങള്‍ അഴിപ്പിച്ച്, ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴയിപ്പിച്ച് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തില്‍ നേരിട്ട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് തൊഴില്‍ മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്കി. സംഭവത്തില്‍ സ്വമേധയ കേസെടുത്ത സംസ്ഥാന യുവജന കമ്മീഷന് ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ പീഡനമായതില് പോലീസിന് ഏതുവിധത്തില്‍ ഇടപെടാന്‍ കഴിയുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി ഡോ.വൈഭവ് സക്സേന പറഞ്ഞു.
അതേസമയം, തൊഴില്പീഡനമില്ലെന്നും സ്ഥാപനത്തില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ മാനേജര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത വീഡിയോ ദൃശ്യങ്ങളാണു പ്രചരിക്കുന്നതെന്നും കമ്പനിയിലെ ഒരുവിഭാഗം ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീടുകളില്‍ ഉത്പന്നങ്ങളുമായി വില്പനയ്ക്കെത്തുന്ന യുവാക്കളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ജോലി ചെയ്യുന്നത്.
തുച്ഛമായ വേതനത്തില്‍ 12 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുമെന്ന് പരാതിക്കാർ പറയുന്നു. ബിസ്കറ്റ് വെള്ളത്തില്‍ മുക്കി തറയിലിട്ട് അതു നക്കിക്കുക, നിലത്തിട്ട നാണയം നക്കിക്കൊണ്ട് മുട്ടില്‍ ഇഴയിക്കുക, ചീഞ്ഞ പഴത്തില്‍ തുപ്പി അത് നക്കിക്കുക തുടങ്ങിയ ക്രൂരതകളാണ് ജീവനക്കാരെക്കൊണ്ടു ചെയ്യിക്കുന്നതെന്നാണ് ഇരകളായവര്‍ മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തിയത്.