പള്ളിപ്പുറത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം: സുഹൃത്ത് അറസ്റ്റിൽ
Monday, April 7, 2025 2:44 AM IST
വൈപ്പിൻ: പള്ളിപ്പുറത്ത് തനിയെ താമസിച്ചിരുന്ന യുവാവിനെ വീടിന്റെ കാർ പോർച്ചിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തും മത്സ്യത്തൊഴിലാളിയുമായ മുനമ്പം തൊഴുത്തുങ്കൽ വീട്ടിൽ സനീഷ് (34) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം മാവുങ്കൽ ആന്റണിയുടെ മകൻ സ്മിനുവിനെ (44) ശനിയാഴ്ച രാവിലെയാണ് തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൃത്യം നടത്തിയശേഷം ശനിയാഴ്ച പുലർച്ചെ മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കയറി രക്ഷപ്പെട്ട പ്രതിയെ ബോട്ട് തിരിച്ചടുപ്പിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തേ, പ്രതിയുമായി നല്ല ചങ്ങാത്തത്തിലായിരുന്ന സ്മിനു ഇടക്കാലത്ത് ഇയാളെ ഗൗനിക്കാതെയായി. പകരം മറ്റു ചിലരുമായി കൂട്ടുകൂടാനും തുടങ്ങി. ഇതിൽ പ്രതിക്ക് കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ വൈരാഗ്യവും സാമ്പത്തിക പരാധീനതകളുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഓൺലൈനിൽ വാങ്ങിച്ച ഇരുമ്പുമഴു ഉപയോഗിച്ച് തലയ്ക്കു പിന്നിൽ വെട്ടിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹത്തിൽനിന്നും അഞ്ചു പവനോളം വരുന്ന സ്വർണമാലയും നവരത്നങ്ങൾ പതിച്ച മോതിരവും ഐഫോണും കവർന്നു. തുടർന്നാണ് പുലർച്ചെ ബോട്ടിൽ കയറി രക്ഷപ്പെട്ടത്. കൊലയ്ക്കുപയോഗിച്ച മഴു മത്സ്യബന്ധന ബോട്ട് കെട്ടിയിട്ടിരുന്ന ഭാഗത്തു കായലിൽനിന്ന് പോലീസ് കണ്ടെടുത്തു. കവർന്നെടുത്ത ആഭരണങ്ങളും ഫോണും ബോട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ഇതും പോലീസ് വീണ്ടെടുത്തു.
സിസിടിവി കാമറകൾ പരിശോധിച്ച പോലീസ് വെള്ളിയാഴ്ച രാത്രി വീട്ടിലേക്കു വരുന്ന സ്മിനുവിനെ പ്രതി പിന്തുടരുന്നതും വീട്ടിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ വൈകുന്നേരം സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, സിഐ കെ.എസ്. സന്ദീപ്, എസ്ഐമാരായ ടി.ബി. ബിബിൻ, ജയകുമാർ, ടി.എസ്. സിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സ്മിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.