ഷെറിന്റെ ജയിൽമോചനം: സാമൂഹികാഘാത പഠനം നടത്താൻ ഗവർണറുടെ നിർദേശം
സ്വന്തം ലേഖകൻ
Monday, April 7, 2025 3:23 AM IST
തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷെറിനെ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ ശിപാർശയിൽ സാമൂഹികാഘാത പഠനം നടത്താൻ ഗവർണറുടെ നിർദേശം.
ഷെറിൻ ജയിൽമോചിതയായാൽ സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടോയെന്ന കാര്യത്തിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാസ്കര കാരണവരുടെ ബന്ധുക്കളുടെ അഭിപ്രായം തേടും. ഇക്കാര്യത്തിൽ പോലീസിന്റെ റിപ്പോർട്ടും രാജ്ഭവൻ തേടും.
ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെ ഇവർ ജയിലിൽ സഹതടവുകാരിയെ മർദിച്ചതായ പരാതി പുറത്തു വന്നിരുന്നു.
ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ശിപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു കത്തു നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഗവർണറുടെ തുടർ നടപടി. ഷെറിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ടു മന്ത്രിസഭ അംഗീകരിച്ച ശിപാർശ കഴിഞ്ഞ ഫെബ്രുവരി 13നാണ് രാജ്ഭവന് കൈമാറിയത്.
25 വർഷം വരെ ശിക്ഷാ കാലയളവു പൂർത്തിയാക്കിയവരെ പോലും ജയിൽ മോചിതരാക്കാൻ ശിപാർശ ചെയ്യാത്ത സാഹചര്യത്തിൽ കാരണവർ കൊലപാതക കേസിലെ പ്രതി ഷെറിനെ മാത്രം മോചിപ്പിക്കാൻ മന്ത്രിസഭ ശിപാർശ ചെയ്ത നടപടിയാണ് രാജ്ഭവൻ വിശദമായി പരിശോധിക്കുന്നത്.