ഡോ. പി.കെ. ഏബ്രഹാം വൈവിധ്യവത്കരണത്തിലൂടെ ദീപികയെ വളർത്തിയ മാനേജ്മെന്റ് വിദഗ്ധൻ
Sunday, April 6, 2025 2:46 AM IST
കോട്ടയം: വൈവിധ്യവത്കരിച്ചും വിപുലീകരിച്ചും ദീപികയെ വളർത്തിയ മാനേജ്മെന്റ് വിദഗ്ധനായിരുന്നു ഇന്നലെ അന്തരിച്ച ഡോ. പി.കെ. ഏബ്രഹാം. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി (ഫാക്ട്) യില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരിക്കെ 1992 ഫെബ്രുവരി ഒന്നിനാണ് ഡോ. പി.കെ. ഏബ്രഹാം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായി ചുമതലയേറ്റത്.
മലയാള മാധ്യമ മേഖലയിൽ പുതിയ കാൽവയ്പുകൾ നടത്തി ചരിത്രത്തിൽ ഇടംനേടിയ അദ്ദേഹം കണ്ണൂരിലും കൊച്ചിയിലും സ്വന്തമായി ഓഫീസും പ്രസും ഉൾപ്പെടെ യൂണിറ്റുകൾ സ്ഥാപിച്ചുകൊണ്ടാണ് ദീപികയുടെ വിപുലീകരണം സാധ്യമാക്കിയത്.
ചുമതലയേറ്റ് രണ്ടുമാസമായപ്പോഴേക്കും തൃശൂരില്‍ നിന്ന് രാഷ്ട്രദീപിക സായാഹ്നദിനപത്രം പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം കേരളത്തിന്റെ മാധ്യമചരിത്രത്തിൽ പുത്തനുണർവുണ്ടാക്കി. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള സായാഹ്ന ദിനപത്രമായി എഡിഷനുകളുടെയും കോപ്പികളുടെയും എണ്ണത്തില്‍ രാഷ്ട്രദീപിക വളര്‍ന്നു. പിന്നീട് കര്ഷകന്, സ്ത്രീധനം, ബിസിനസ് ദീപിക, ബിസിനസ് ദീപിക ഇന്റര്‍നാഷണല്‍, കരിയര്‍ ദീപിക, രാഷ്ട്രദീപിക സിനിമ, കായികലോകം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.
ബിസിനസ് ദീപിക 1992 ഒക്ടോബർ 29ന് രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയാണ് കൊച്ചിയിൽ പ്രകാശനം ചെയ്തത്. കോട്ടയത്ത് ആരംഭിച്ച കരിയർ ഗൈഡൻസ് സെന്റർ 1992 സെപ്റ്റംബർ 27ന് അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ. നാരായണനും ഉദ്ഘാടനം ചെയ്തു.
കൃഷി, ആരോഗ്യം, കായികം, കരിയര്‍ വിഷയങ്ങളില്‍ നിരവധി റഫറന്‍സ് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. കാമ്പസ് കറസ്പോണ്ടന്റ്, ദീപിക റിസർച്ച് ബ്യൂറോ തുടങ്ങി നിരവധി നൂതന ആശയങ്ങൾ നടപ്പാക്കി ദീപികയെ കൂടുതൽ ജനകീയമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
നാളികേരത്തിന്റെ വിലയിടിവിലും വെളിച്ചെണ്ണയ്ക്കെതിരേ ഉയർന്ന വ്യാജപ്രചാരണങ്ങളിലും കേരകർഷകർ തളർന്നപ്പോൾ കാസർഗോഡ് ജില്ലയിലെ രാജപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഡോ. പി.കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ കേര പ്രചാരണ ജാഥ കേരളത്തിന്റെ മാധ്യമചരിത്രത്തിൽ വഴിത്തിരിവായി. കർഷകർക്കുവേണ്ടി തെരുവിലിറങ്ങയ ദീപികയ്ക്ക് പൊതുസമൂഹം നൽകിയ പിന്തുണ സമാനതകളില്ലാത്തതായിരുന്നു.
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി സംസ്ഥാനത്തുടനീളം കരിയര്‍ ഗൈഡന്‍സ് സെമിനാറുകളും സ്ത്രീ ശക്തീകരണത്തിന് വൈവിധ്യമാര്‍ന്ന ജനസമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കാനും അദ്ദേഹം നേതൃത്വം നൽകി.
പത്രപ്രവര്‍ത്തന പഠനത്തിനായി ദീപിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് മീഡിയ മാനേജ്മെന്റ് (ഡിജാം) എന്ന സ്ഥാപനവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. ഇതുവഴി നിരവധിപ്പേരാണ് മികച്ച ജേർണലിസ്റ്റുകളായി ദേശീയ മാധ്യമങ്ങളിലടക്കം പ്രവർത്തിക്കുന്നത്. 1993 ഡിസംബർ 28ന് അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി അർജുൻ സിംഗാണ് ഡിജാമിന്റെ ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ചത്.
ഡോ. പി.കെ. ഏബ്രഹാമിന്റെ നിര്യാണത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ എന്നിവർ അനുശോചിച്ചു.