മത്സ്യവില്പനകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി; വില്പനക്കാരൻ മരിച്ചു
Sunday, April 6, 2025 12:40 AM IST
പറവൂർ: മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി വില്പനക്കാരൻ മരിച്ചു. പട്ടണം വലിയാറപാടം വീട്ടിൽ സജീവ് (60) ആണു മരിച്ചത്.
കൊടുങ്ങല്ലൂരിൽനിന്ന് പറവൂർ ഭാഗത്തേക്കു വന്ന കാർ ഇന്നലെ വൈകുന്നേരം ദേശീയപാത 66ന് സമീപം പട്ടണം കവലയിൽ പ്രവർത്തിക്കുന്ന മത്സ്യവില്പന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയുടെ മുൻഭാഗത്തുണ്ടായിരുന്ന മത്സ്യത്തട്ടും സമീപത്തു നിന്നിരുന്ന സജീവിനെയും ഇടിച്ചുതെറിപ്പിച്ച കാർ സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണു നിന്നത്. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സജീവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിന്റെ മുൻഭാഗം തകർന്നെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർക്കാർക്കും പരിക്കില്ല. കാർ ഡ്രൈവർക്കെതിരേ വടക്കേക്കര പോലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. ഭാര്യ: ബീന. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: ശ്രീജൻ, നിഥിൻ.