ലഹരിമാഫിയയ്ക്കു വിലങ്ങിടാന്‍ എക്സൈസിന്റെ ഡിജിറ്റൽ പോര്‍ട്ടല്‍
Sunday, April 6, 2025 12:40 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: ലഹരി മാഫിയയ്ക്കു കടിഞ്ഞാണിടാന്‍ എക്സൈസിന്റെ പുതിയ നീക്കം. 16 സര്‍ക്കാര്‍ വകുപ്പുകളെ എകോപിപ്പിച്ച് ഒറ്റ ഡിജിറ്റല്‍ പോര്‍ട്ടല്‍ രൂപീകരിക്കാനാണ് എക്സൈസ് തീരുമാനം. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനാണ് നീക്കം.
പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പോലീസ്, വനിതാ ശിശു വികസനം സാമൂഹ്യനീതി, കൊളീജിയറ്റ് എഡ്യൂക്കേഷന്‍, കുടുംബാരോഗ്യ ക്ഷേമം, എക്സൈസ് ,മെഡിക്കല്‍ വിദ്യാഭ്യാസം, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം, തദ്ദേശസ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ കൂട്ടായ ശ്രമാണ് ഇതിലുണ്ടാവുക. കൂടാതെ ഡീ അഡിക്ഷന് സെന്ററുകള്‍, ലഹരി വിരുദ്ധ സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മറ്റു ബോര്‍ഡുകളിലുള്ള സ്കൂളുകള്‍, സോഷ്യല്‍ വര്‍ക്ക് - സോഷ്യോളജി ഇന്റേണ്‍സ് എന്നിവരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.
കൂടാതെ 16 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സൈക്കോളജി, സൈക്കാട്രി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി വിമുക്തി മെന്റേഴ്സ് പാനലും പ്രാബല്യത്തില്‍ കൊണ്ടുവരും.
എക്സൈസ് വകുപ്പില്‍ നിന്നും 32 ഉദ്യോഗസ്ഥരെ പാനലില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പാനല്‍ രൂപീകരിച്ച ശേഷം ഇവര്‍ക്ക് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും.
എല്ലാവരെയും ഉള്‍പ്പെടുത്തി പോര്‍ട്ടല്‍ രൂപീകരിച്ച് ഓരോരുത്തര്‍ക്കും പുതിയ പ്രൊഫൈല്‍ നല്‍കും. പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ലോഗിന്‍ പ്രൊഫൈല്‍ ഉള്ളവര്‍ക്കെല്ലാം ലഭ്യമാക്കും. നിലവില്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിനു ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനു പരിമിതികളുണ്ട്.
പുതിയ പോര്‍ട്ടല്‍ വരുന്നതോടെ പരിമിതികള്‍ മറികടക്കാന്‍ എക്സൈസിനു സാധിക്കും. ലഹരി കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാണ്. എന്നാല്‍ എക്സൈസിന് നിയമപരമായി ഇതു ശേഖരിക്കാനുള്ള അധികാരമില്ല.
നിലവിലത്തെ സാഹചര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസില്‍ അപേക്ഷ നല്കി കാത്തിരിക്കണം. തെളിവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് അന്വേഷണത്തെ ബാധിക്കും.
പുതിയ പോര്‍ട്ടലിലേക്കു ഓരോ വകുപ്പും അവരുടെ പരിധിയില്‍ വരുന്ന ലഹരി കേസുകളും അതില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യും. ഇതോടെ മൊത്തത്തിലുള്ള ചിത്രം എക്സൈസിന് പെട്ടെന്ന് ലഭിക്കും. ലഹരിയുടെ ഉറവിടം കണ്ടെത്തി പ്രതികളെ പിടികൂടാനാണ് ഈ നീക്കം.