ആശാ സമരം ഇടതുപക്ഷത്തെ എതിർക്കാനുള്ള വലതുപക്ഷ നീക്കം: ബിനോയ് വിശ്വം
Sunday, April 6, 2025 12:40 AM IST
തൃശൂർ: ആശാ സമരം ഇടതുപക്ഷത്തെ എതിർക്കാനുള്ള വലതുപക്ഷത്തിന്റെ സമരമായി മാറിയിരിക്കുന്നുവെന്നു സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്ക്കുമെതിരേയുള്ള ദേശവ്യാപക കാമ്പയിന്റെ ഭാഗമായി പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 68-ാം വാര്‍ഷികദിനത്തിൽ സംഘടിപ്പിച്ച സിപിഐ സംസ്ഥാന പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭഗത്സിംഗ് രക്തസാക്ഷിദിനമായ മാര്‍ച്ച് 23 മുതല്‍ ഡോ. ബി.ആര്. അംബേദ്കര്‍ ജന്മദിനമായ 14 വരെയാണു ദേശവ്യാപക കാമ്പയിൻ.
ഇടതുപക്ഷത്തെ ആക്രമിക്കാൻ ഇടതുപക്ഷസ്വഭാവത്തിലുള്ളവരുടെ സമരത്തെ ഉപയോഗപ്പെടുത്തി കരുക്കൾ നീക്കുകയാണ് വലതുപക്ഷം. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങളും സമരവും ന്യായമായ ചർച്ചകളിലൂടെ തീർക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ ഈ വിഷയത്തിൽ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിക്കു തലച്ചോറും നട്ടെല്ലുമുണ്ടെങ്കിൽ അത് ആർഎസ്എസ് ആണ്. അതില്ലെങ്കിൽ ബിജെപിയില്ല. ആർഎസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രനിർമിതിയാണ്. ആ ആർഎസ്എസിനെ പരാജയപ്പെടുത്താനുള്ള ആയുധമാണ് ഇന്ത്യ സഖ്യം. ഇന്ത്യ സഖ്യത്തെ നേർവഴിക്കു നയിക്കാൻ കോൺഗ്രസിനു കഴിയുന്നില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ കെ. രാജന്, ജി.ആർ. അനിൽ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.പി. രാജേന്ദ്രന്, പി. സന്തോഷ്കുമാര്‍ എംപി, പി.പി. സുനീര്‍ എംപി, ഇ. ചന്ദ്രശേഖരന് തുടങ്ങിയവർ പ്രസംഗിച്ചു.