ഭൂരഹിതരുടെ പട്ടയത്തിനുള്ള വരുമാനപരിധി രണ്ടു ലക്ഷമാക്കി ഉയർത്താൻ ശിപാർശ
Sunday, April 6, 2025 12:40 AM IST
തിരുവനന്തപുരം: ഭൂരഹിതർക്കു പട്ടയം ലഭിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാനപരിധി രണ്ടുലക്ഷമാക്കി ഉയർത്തണമെന്നു ശിപാർശ.
പഞ്ചായത്ത് പ്രദേശങ്ങളിലടക്കം ഭൂരഹിതർക്ക് പട്ടയം ലഭിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാനം ഇപ്പോൾ ഒരു ലക്ഷം രൂപയാണ്. ഇതാണ് രണ്ടുലക്ഷമാക്കി ഉയർത്തണമെന്നു റവന്യു വകുപ്പ് ശിപാർശ ചെയ്തത്. ഇക്കാര്യം ധനവകുപ്പു പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്കു കൈമാറും.
ഭൂരഹിതരുടെ എണ്ണത്തിന് ആനുപാതികമായി ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിൽ പട്ടയം നൽകുന്ന ഭൂമിയുടെ വിസ്തൃതി കുറയ്ക്കണമെന്ന ശിപാർശയുമുണ്ട്.
കോർപറേഷനുകളിൽ ഭൂരഹിതർക്ക് വീട് വയ്ക്കുന്നതിനു പട്ടയം നൽകുന്ന ഭൂമി അഞ്ച് സെന്റിൽ നിന്ന് മൂന്നുസെന്റായി കുറയ്ക്കും. മുനിസിപ്പാലിറ്റിയിൽ അഞ്ച് സെന്റാകും പട്ടയഭൂമി.
നിലവിൽ ഇത് 10 സെന്റ് വരെയായിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ 15 സെന്റ് എന്നത് പത്താക്കി കുറയ്ക്കുന്നതും ആലോചനയിലുണ്ട്.