സുരേഷ് ഗോപി നിര്‍ദേശിച്ചു; മാധ്യമപ്രവർത്തകരെ ഗസ്റ്റ് ഹൗസില്‍നിന്ന് ഇറക്കിവിട്ടു
Sunday, April 6, 2025 12:40 AM IST
കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നു മാധ്യമപ്രവർത്തകരോട് പുറത്തുപോകാന്‍ നിര്‍ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ പത്തിന് ഗസ്റ്റ് ഹൗസിലെ റിസപ്ഷന് ഏരിയയിലായിരുന്നു സംഭവം.
മാധ്യമപ്രവർത്തകർ ഗസ്റ്റ് ഹൗസില്‍ തുടരുന്നതില്‍ കേന്ദ്രമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ഗണ്‍മാനാണ് ഗസ്റ്റ് ഗൗസ് ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്.
സുരേഷ് ഗോപി ഗസ്റ്റ് ഹൗസിൽ എത്തിയതറിഞ്ഞ് അവിടേക്കു ചെന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ജബല്‍പുര്‍ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായ പ്രതികരണങ്ങളും തുടര്‍സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി അകത്തേക്ക് കയറിപ്പോകുകയായിരുന്നു.
ചില മാധ്യമപ്രവര്‍ത്തകര്‍ തിരികെപ്പോകുകയും ചിലര്‍ സ്ഥലത്ത് തുടരുകയും ചെയ്തു. ഇതിനിടെയാണു മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്.