കല രാജുവിന്റെ കത്ത് പുറത്ത് ; സിപിഎം ഏരിയാ കമ്മിറ്റിയംഗം കബളിപ്പിച്ചെന്ന്
Friday, January 24, 2025 2:41 AM IST
കൊച്ചി: തന്റെ സ്ഥലം വില്പന നടത്തിയതിലടക്കം കൂത്താട്ടുകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം സണ്ണി കുര്യാക്കോസ് തന്നെ കബളിപ്പിച്ചുവെന്നു വ്യക്തമാക്കി കല രാജു സംസ്ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്.
കുടുംബത്തിന്റെ കടബാധ്യത തീര്‍ത്തുതരാമെന്നു പറഞ്ഞ് നിര്‍ബന്ധപൂര്‍വം തന്റെ സ്ഥലം വില്പ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ഒക്ടോബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് അയച്ചിരിക്കുന്നത്.
സണ്ണി കുര്യാക്കോസ് ബാങ്ക് പ്രസിഡന്റായിരിക്കെയാണ് കാര്‍ഷിക സഹകരണ ബാങ്കിൽ കല രാജുവിന്റെ കുടുംബം വീട് പണയപ്പെടുത്തിയത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ 23 ലക്ഷത്തോളം രൂപ കടമായി. ഇതോടെയാണ് വീടും സ്ഥലവും വില്പന നടത്തിയത്. സണ്ണി കുര്യാക്കോസ് ഇടപെട്ട് നിസാര വിലയ്ക്ക് സ്ഥലം വില്ക്കാന് നിര്‍ബന്ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പെര്‍മിറ്റോ വീട്ടു നമ്പറോ ഇല്ലാത്ത വീട് വാങ്ങാനാണ് പിന്നീട് ഇയാള്‍ നിര്‍ബന്ധിച്ചത്. 31 ലക്ഷം രൂപ വിലവരുന്ന വീട് 40 ലക്ഷത്തിലധികം രൂപ ചെലവിൽ വാങ്ങിപ്പിക്കുകയായിരുന്നു. പെര്‍മിറ്റ് തരപ്പെടുത്താന്‍ വീണ്ടും പണം മുടക്കേണ്ടിവന്നു. ബാങ്കിലെ അംഗമായിരുന്ന തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള ഷെയര്‍ എത്രയെന്ന് പറഞ്ഞിട്ടില്ല.
വായ്പ തിരിച്ചടവിന് സാവകാശം ചോദിച്ചിരുന്നെങ്കിലും പണമടച്ചില്ലെങ്കില്‍ വീടും സ്ഥലവും നഷ്ടമാകുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഈ സംഭവങ്ങള്‍ നടന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.