മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകളുടെ വിലക്ക് നീക്കി
Friday, January 24, 2025 2:41 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് രണ്ടു സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ തീരുമാനം.
കോതമംഗലം മാർ ബേസിൽ, തിരുനാവായ നാവാമുകുന്ദ സ്കൂളുകളിലെ വിദ്യാർഥികളെയാണ് വിലക്കിയിരുന്നത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും വിദ്യാർഥികൾക്ക് ദോഷകരമാകുന്ന നടപടി ഉണ്ടാകരുതെന്ന് നിർദേശിക്കുകയും ചെയ്തതായും സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ, വിദ്യാർഥി സംഘടനാ നേതാക്കൾ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇവയെല്ലാം കൂടി പരിഗണിച്ചാണ് വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എന്നാൽ, പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപകർ ഖേദപ്രകടനം നടത്തിയിട്ടില്ല. അധ്യാപകരുടെ വീഴ്ച സംബന്ധിച്ച് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുകയെന്നും ശിവൻകുട്ടി പറഞ്ഞു. ആന്റണി ജോണിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സമാപന ചടങ്ങ് അലങ്കോലപ്പെട്ടതു സംബന്ധിച്ച് അന്വേഷിച്ച സമിതിയുടെ തീരുമാന പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് രണ്ട് സ്കൂൾ മാനേജ്മെന്റുകളും ഖേദം പ്രകടിപ്പിച്ച് കത്ത് നൽകിയതായും ഇനി ഇത്തരം നടപടികളുണ്ടാകാതെ ജാഗ്രത പാലിക്കാമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.