സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
Thursday, January 23, 2025 3:52 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2750 ഡോളറും രൂപയുടെ വിനിമയനിരക്ക് 86.60 ആണ്.
24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 82.5 ലക്ഷം രൂപയിലേക്ക് എത്തി. നിലവിലെ വിലയനുസരിച്ച് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 65,000 രൂപയ്ക്കുമുകളില്‍ കൊടുക്കണം. 2024 ഒക്ടോബര്‍ 31ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,455 രൂപ, പവന് 59,640 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.
നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 2750 ഡോളറിലേക്ക് കുതിച്ചെത്തുകയായിരുന്നു. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസണല്‍ ഡിമാന്‍ഡ്, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, ട്രംപിന്റെ കീഴിലുള്ള അമേരിക്കന്‍ ട്രേഡ് വാര് ടെന്‍ഷനുള്ള സാധ്യതകൾ എന്നിവ സ്വര്‍ണവില വര്‍ധനയ്ക്ക് കാരണമായി.
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ സ്വര്‍ണവിലയില്‍ കുറവു വരുത്തേണ്ടതായിരുന്നെങ്കിലും ട്രംപിന്റെ വരവും ആദ്യമെടുത്ത നടപടികളെ തുടര്‍ന്നുള്ള ആശങ്കകളും മൂലം അമേരിക്കന്‍ ഡോളര്‍ സൂചിക കരുത്താര്ജിച്ചതിന് അനുപാതികമായി രൂപയുടെ വിനിമയ നിരക്ക് 86.60 ലേക്ക് ദുര്‍ബലമായതും സ്വര്‍ണവില വര്‍ധിക്കാനിടയാക്കി.
ട്രംപ്, ഡി ഡോളറൈസേഷനെതിരേ ശക്തമായ നടപടികള്‍ എടുത്താല്‍ സ്വര്‍ണത്തിന് വീണ്ടും വില കയറാം.
റഷ്യ-യുക്രെയ്ന് അടക്കമുള്ള അന്തര്‍ദേശീയ സംഘര്‍ഷങ്ങളില്‍ അയവു വന്നാല്‍ സ്വര്‍ണവില തിരുത്തലിലും എത്താമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
മുന്നോട്ടങ്ങനെ മുന്നോട്ട്...
സീമ മോഹൻലാൽ
കൊച്ചി: കഴിഞ്ഞ 100 വർഷത്തിനിടെ സ്വർണവിലയിലുണ്ടായ വർധന 4378 ഇരട്ടി. 1925 മാർച്ച് 31ന് 13.75 രൂപയായിരുന്നു പവന്റെ വിപണിവില. 1930 മാർച്ച് 31 ആയപ്പോഴേക്കും 13.57 രൂപയായി കുറഞ്ഞു. 1935 മാർച്ച് 31ന് വിലയിൽ വർധന രേഖപ്പെടുത്തി. ഇക്കാലയളവിൽ ഒരു പവന്റെ വില 22.65 രൂപയിലേക്ക് ഉയർന്നു.
പിന്നീടങ്ങോട്ട് തുടരെ വിലവർധനയാണുണ്ടായത്. 1965 മാർച്ച് 31ന് 90.20 രൂപയായിരുന്നത് 1970 മാർച്ച് 31ന് 135.30 രൂപയിലെത്തി. 1980 മാർച്ച് 31ന് പവന് 975 രൂപയായി.
1985ൽ 1573. 2008 വരെ സ്വർണവില ക്രമാനുഗതമായാണ് കൂടിയത്. പവന് 10000 കടന്നത് 2009ലാണ്. അന്ന് ഒരു പവന് 11,077 രൂപയായിരുന്നു. 20,000 കടന്നത് 2012 ലായിരുന്നു.
എന്നാൽ 2015ൽ 19,760 രൂപയായി കുറഞ്ഞു. 2020 മാർച്ചിൽ സ്വർണവിലയിൽ വൻ കുതിപ്പാണുണ്ടായത്. പവന് 32,000 രൂപയായി ഉയർന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടിതരാതെ പാഞ്ഞു.
2023 ൽ 44,000 രൂപയായി. 2024 മാർച്ച് 31 ന് വില 50,200 രൂപയിലെത്തി. ഇപ്പോൾ ഒരുവര്‍ഷംകൊണ്ട് 10,000 രൂപയുടെ വർധനയുമുണ്ടായി.
നൂറു വർഷത്തെ സ്വർണക്കുതിപ്പ്
സ്വർണവില പവന് രൂപയിൽ
1925 മാർച്ച് 31 - 13.75
1930 മാർച്ച് 31 - 13.57
1935 മാർച്ച് 31- 22.65
1940 മാർച്ച് 31 - 26.77
1945 മാർച്ച് 31- 45 .49
1950 മാർച്ച് 31 - 72.75
1955 മാർച്ച് 31 - 58.11
1960 മാർച്ച് 31 - 82.05
1965 മാർച്ച് 31 - 90.20
1970 മാർച്ച് 31 - 135.30
1975 മാർച്ച് 31 - 396
1980 മാർച്ച് 31 - 975
1985 മാർച്ച് 31 - 1573
1990 മാർച്ച് 31- 2493
1995 മാർച്ച് 31 -3432
1997 മാർച്ച് 31 - 3432
1998 മാർച്ച് 31 -2956
1999 മാർച്ച് 31 - 3106
2000 മാർച്ച് 31 - 3212
2001 മാർച്ച് 31 - 3073
2002 മാർച്ച് 31- 3670
2003 മാർച്ച് 31 - 3857
2004 മാർച്ച് 31 - 4448
200 5 മാർച്ച് 31 - 4550
2006 മാർച്ച് 31 - 6255
2007 മാർച്ച് 31 - 6890
2008 മാർച്ച് 31 - 8892
2009 മാർച്ച് 31 -11,077
2010 മാർച്ച് 31- 12,280
2011 മാർച്ച് 31 - 15,560
2012 മാർച്ച് 31 - 20,880
2013 മാർച്ച് 31 - 22,240
2014 മാർച്ച് 31 - 21,480
2015 മാർച്ച് 31 - 19,760
2016 മാർച്ച് 31 - 21,360
2017 മാർച്ച് 31 - 21,800
2018 മാർച്ച് 31 - 22,600
2019 മാർച്ച് 31- 23,720
2020 മാർച്ച് 31 - 32,000
2021 മാർച്ച് 31 - 32,880
2022 മാർച്ച് 31 - 38,120
2023 മാർച്ച് 31 - 44,000
2024 മാർച്ച് 31 - 50,200
2025 ജനു. 22 - 60,200