മലയോരമേഖലയുടെ ശബ്ദം ദുർബലമായെന്ന് മാത്യു കുഴൽനാടൻ
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: ഇടതു ഭരണത്തിൽ മലയോര മേഖലയുടെ ശബ്ദം ദുർബലമായെന്നും മലയോര ജനതയുടെ ശബ്ദമാകാൻ കേരള കോണ്‍ഗ്രസ്-എമ്മിന് കഴിയുന്നില്ലെന്നും നിയമസഭയിൽ ആരോപണം ഉന്നയിച്ച് ഡോ. മാത്യു കുഴൽനാടൻ.
മലയോര കർഷകരെയും തങ്ങളെയും സംരക്ഷിക്കാൻ പിണറായിയും കൂട്ടരുമുണ്ടെന്നു തിരിച്ചടിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന്റെ ചർച്ചയ്ക്കിടയിലാണ് കേരളാ കോണ്‍ഗ്രസിനെതിരേ മാത്യു കുഴൽനാടൻ രംഗത്തെത്തിയതും റോഷി മറുപടി നല്കിയതും.
മലയോര മേഖലയെ ഏറെ ദുരിതത്തിലാക്കുന്ന വനനിയമഭേദഗതി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ കാബിനറ്റിൽ ചർച്ച ചെയ്തതല്ലേ എന്നു മാത്യു ചോദിച്ചു. പണ്ട് കെ.എം. മാണി ഉണ്ടായിരുന്നപ്പോഴായിരുന്നെങ്കിൽ ഇത്തരം ഒരു കാര്യം വരില്ലായിരുന്നു. ഇപ്പോൾ മലയോരമേഖലയ്ക്ക് ഭരണരംഗത്തുണ്ടായിരുന്ന ശബ്ദം ഇല്ലാതായി. അധികാരത്തിന്റെ അകത്തളത്തിൽ ഉയർത്താൻ ശബ്ദമില്ലാതെയായി. ഇപ്പോൾ ഭരണത്തിന്റെ അകത്തളങ്ങളിൽ മലയോര ജനതയുടെ രോദനമാണെന്നും കുഴൽനാടൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര മേഖല ജാഥയിൽ റോഷി അഗസ്റ്റിനും കേരളാ കോണ്‍ഗ്രസുകാരും കടന്നുവന്ന് രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്യണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
1960 ലെ ഭൂപരിഷ്കരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേരള നിയമസഭയിൽ പരിഗണിച്ചപ്പോൾ നിരാകരണപ്രമേയം അവതരിപ്പിച്ച വ്യക്തിയാണ് മാത്യുകുഴൽനാടൻ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ തിരിച്ചടിച്ചു.
ആ നിയമം നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയശേഷം സഭയ്ക്ക് പുറത്ത് ജോസഫ് വിഭാഗവും കോണ്‍ഗ്രസും അതിനെ എതിർത്ത് സമരം ചെയ്തതും കേരള ജനത കണ്ടതാണെന്നും റോഷി പറഞ്ഞു.