“തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും’’: എറണാകുളം-അങ്കമാലി അതിരൂപത
Friday, January 24, 2025 2:36 AM IST
കൊച്ചി: മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുമായും അല്മായരുമായും നടത്തുന്ന കൂടിക്കാഴ്ചകളെക്കുറിച്ച്, തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതു ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് അതിരൂപത പിആർഒ ഫാ. ജോഷി പുതുവ പത്രക്കുറിപ്പിൽ അറിയിച്ചു.
ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂപതയില്‍ നിലനിൽക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാണു ചർച്ചകൾ നടത്തിവരുന്നത്. കഴിഞ്ഞ ദിവങ്ങളില്‍ മാർ പാംപ്ലാനിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ചില ഗ്രൂപ്പുകളും വ്യക്തികളും തെറ്റിദ്ധാരണ പരത്തുന്നവിധം ചില വിഷയങ്ങളില്‍ ധാരണയായെന്നു പ്രസ്താവിക്കുകയുണ്ടായി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കുന്നതിനും പരസ്പരവിശ്വാസം വളര്‍ത്തുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും വേണ്ടിയാണ്.
ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമായി ആലോചിച്ചതിനുശേഷം മാത്രം അറിയിക്കുന്നതാണ് എന്ന നിലപാട് മാർ പാംപ്ലാനി തുടക്കംമുതല്‍ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതിനും ചര്‍ച്ചകളെ വഴിതിരിച്ചുവിടാനും ശ്രമിക്കുന്നത് നിലപാടുകളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യപ്പെടുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ.
വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷം അതിരൂപതയ്ക്കു നന്മയാകുന്ന തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനു മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഹായിക്കുന്നതിനാണു മാര്‍ പാംപ്ലാനി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതു മനസിലാക്കാതെ അനവസരത്തിലുള്ള പത്രപ്രസ്താവനകളോ പത്രസമ്മേളനങ്ങളോ സോഷ്യല്‍ മീഡിയവഴിയുള്ള പ്രചാരണങ്ങളോ ആരും നടത്തരുത്. അതിരൂപത പിആര്‍ഒ നല്‍കുന്നതാണ് അതിരൂപതയുടെ ഔദ്യോഗിക നിലപാടുകളും തീരുമാനങ്ങളും.
കൂരിയ ഉള്‍പ്പെടെ കാനോനികസമിതികളുടെ പുനഃസംഘടന സമയബന്ധിതമായി നടത്തുമെന്ന പിതാവിന്റെ അറിയിപ്പ് തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം ചിലര്‍ ഉപയോഗിച്ചിട്ടുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സുചിന്തിതമായ സമ്മതം ആവശ്യമുള്ള ഇത്തരം കാര്യങ്ങള്‍ ഉചിതമായ വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച് അറിയിക്കും.
അതിരൂപതയിലെ ഏതാനും വൈദികര്‍ക്കെതിരേ സ്വീകരിച്ചിട്ടുള്ള കാനോനിക നടപടികളുടെ സ്വഭാവവും സാഹചര്യവും പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണു മാർ പാംപ്ലാനി ഇക്കാര്യത്തില്‍ അറിയിച്ചിട്ടുള്ളത്.
ഒരു നടപടിയും പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചിട്ടില്ല. ഇതിനോടകം കാനോനിക നടപടികള്‍ ആരംഭിച്ചവരുടെ കാര്യത്തില്‍, അവര്‍ക്കു നല്‍കിയിട്ടുള്ള ഉത്തരവിലും കാരണം കാണിക്കല്‍ നോട്ടീസിലും ആവശ്യപ്പെട്ടിട്ടുള്ള പ്രകാരം ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കണം. ഇതുവരെ മറുപടി അയച്ചിട്ടില്ലാത്തവര്‍ ഇന്നുമുതല്‍ ഏഴു ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടി നൽകണം.
പ്രസ്തുത വൈദികരുടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്ത്തീകരിച്ചതിനുശേഷംമാത്രമേ ശിക്ഷണനടപടികളില്‍ ഒഴിവു നല്‍കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ കഴിയൂ.
വൈദികരുടെ പൂര്‍ണസഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ശിക്ഷണനടപടികള്‍ക്കു വിധേയരായിട്ടുള്ള വൈദികര്‍ തെറ്റിന്റെ ഗൗരവം വര്ധിപ്പിക്കാതിരിക്കേണ്ടതിനു പരസ്യമായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനോ കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മംചെയ്യുന്നതിനോ മുതിരരുത്.
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സഭാസംവിധാനങ്ങളും അതിരൂപതാ സ്ഥാപനങ്ങളും ഉപയോഗിക്കരുത് എന്ന് നേരത്തേതന്നെ നല്‍കിയിട്ടുള്ള നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്നു വൈദികര്‍ ഉറപ്പാക്കേണ്ടതാണ്.
വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്ക്കും ഔദ്യോഗികാവശ്യങ്ങള്‍ക്കായി എപ്പോള്‍ വേണമെങ്കിലും അരമനയിൽ വരുന്നതിനും ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ നടത്തുന്നതിനും സൗകര്യമുണ്ട്. മാർ പാംപ്ലാനിയുമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും താത്പര്യമുള്ളവര്‍ക്കു സെക്രട്ടറിയുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി സമയം ചോദിക്കാമെന്നും പിആർഒ അറിയിച്ചു.