പിപിഇ കിറ്റ്: സർക്കാരിന് മറയ്ക്കാൻ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി
Friday, January 24, 2025 2:37 AM IST
തിരുവനന്തപുരം: പിപിഇ കിറ്റ് വിഷയത്തിൽ സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിട്ടുള്ളതാണ്. ഈ വിഷയം ഈ സഭയിൽ തന്നെ ഒന്നിലേറെ തവണ ഉന്നയിച്ചിട്ടുള്ളതും മറുപടി പറഞ്ഞിട്ടുള്ളതുമാണ്. മറ്റു സംസ്ഥാനങ്ങളും ഏജൻസികളും ജീവൻ സുരക്ഷാ ഉപകരണങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടുന്ന നിലയാണ് അന്നുണ്ടായത്.
കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസം വെറും കണക്കുകൾ കണ്ടാൽ മനസിലാവുകയില്ല. യാന്ത്രികമായി അക്കങ്ങൾ മാത്രം കൂട്ടി നോക്കുന്പോൾ യഥാർഥ വസ്തുത കാണാൻ കഴിയില്ല. ഇവിടെ സംഭവിച്ചതും അതുതന്നെയാണ്. 2016-17 മുതൽ ആറ് വർഷത്തെ ഡാറ്റ എടുത്ത് മൊത്തതിലുള്ള ഏറ്റക്കുറച്ചിലുകൾ കണക്കാക്കുകയാണ്.
കോവിഡ് എന്ന അസാധാരണ കാലഘട്ടത്തിലെ നിരക്കും തീരുമാനങ്ങളും കോവിഡിന് മുൻപും പിന്‍പുമുള്ള കാലഘട്ടത്തിലെ നിരക്കുമായി ഇടകലർത്തി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തത്. ഓരോ വർഷത്തിലും പ്രതിപാദിക്കുന്നതിന് പകരം മൊത്തത്തിൽ ഇങ്ങനെ പ്രതിപാദിക്കുന്നത് ആശയക്കുഴപ്പമുണ്ടാകും എന്നതിൽ യാതൊരു സംശയവുമില്ല.
കോവിഡ് മഹാമാരിക്ക് മുന്‍പുള്ള 545 രൂപ എന്ന മാർക്കറ്റ് റേറ്റ് താരതമ്യം ചെയ്ത്, കോവിഡ് കൊടുന്പിരി കൊള്ളുന്പോൾ പല അസംസ്കൃത വസ്തുക്കളും ലഭ്യമല്ലാതിരുന്ന സമയത്തോ അല്ലെങ്കിൽ ഗതാഗതം, ഇറക്കുമതി എന്നിവ പ്രയാസം വന്ന സമയത്തോ വന്ന വിലവർധന കണക്കിലെടുക്കാതെയാണ് ഇത്തരത്തിൽ പരാമർശം വന്നത്. ഇക്കാര്യത്തിന് 2023 നവംബറിൽ സർക്കാർ കൊടുത്ത മറുപടിയിൽ കൃത്യമായ വിശദീകരണം നൽകിയിട്ടും വീണ്ടും ഇതേ വിഷയം ഓഡിറ്റ് പരാമർശമായി സിഎജി ഉന്നയിച്ചിരിക്കുകയാണ്.