ആര്.വി. തോമസ് പുരസ്കാരം ജോണ്‍ കച്ചിറമറ്റത്തിന് സമ്മാനിച്ചു
Thursday, January 23, 2025 3:00 AM IST
പാലാ: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്.വി. തോമസിന്റെ സ്മരണാര്‍ഥം സംശുദ്ധ പൊതുപ്രവര്‍ത്തനത്തിന് ആര്.വി. സ്മാരകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്.വി. തോമസ് പുരസ്കാരം ജോണ്‍ കച്ചിറമറ്റത്തിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. നല്ല രാഷ്ട്രീയ വകതിരിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മാതൃകാ വ്യക്തിയാണ് ആര്.വി. തോമസെന്ന് അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകരുടെ ഉളളില്‍ ഒഴുകേണ്ട തെളിനീരുറവയാണ് ആര്.വി. തോമസ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാലങ്ങളെ മറികടക്കുകയാണ്. പൊതുപ്രവര്‍ത്തന രംഗത്തിന് നവോന്മേഷം പകരാന്‍ ആര്.വി. എന്ന രണ്ടക്ഷരത്തിന് കഴിയുമെന്നും ശുദ്ധമായ രാഷ്ട്രീയവും ആത്മീയതയും ധാര്‍മികതയും ജീവിതത്തിന്റെ അടിവേരുകളായി സ്വീകരിച്ച അദ്ദേഹം പകര്‍ന്നു നല്കിയ മൂല്യങ്ങള്‍ക്ക് മരണമില്ലെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ജോണ്‍ കച്ചിറമറ്റത്തിന് പുരസ്കാരം സമ്മാനിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നിലനില്‍ക്കുന്ന സംസ്കാരം നമുക്ക് പകര്‍ന്നു നല്കിയ എഴുത്തുകാരനാണ് ജോണ്‍ കച്ചിറമറ്റമെന്നും അദ്ദേഹം ചരിത്രത്തിന്റെ പാത്രിയാര്ക്കീസാണെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ആര്.വി. തോമസിന്റെ എഴുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തിന് ആര്.വി. സ്മാരകസമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന് ആര്.വി. തോമസ് സ്മാരക പ്രഭാഷണവും രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് മുഖ്യപ്രഭാഷണവും നടത്തി. ഡോ. ആര്.വി. ജോസ് പ്രശസ്തിപത്ര പാരായണം നടത്തി. ഡോ. സാബു ഡി. മാത്യു സ്വാഗതവും ഡോ. കെ.കെ. ജോസ് നന്ദിയും പറഞ്ഞു.