അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം ; വിദ്യാർഥി മാപ്പു പറഞ്ഞു; തുടർപഠനത്തിന് അനുമതി
Thursday, January 23, 2025 3:00 AM IST
തൃത്താല: ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോണ് പിടിച്ചെടുത്തതിനെത്തുടർന്ന് വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സമവായം.
തൃത്താല പോലീസ് സ്റ്റേഷനിൽ അധ്യാപകരും വിദ്യാർഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവു പറ്റിയതാണെന്നും മാപ്പുനൽകണമെന്നും വിദ്യാർഥി അധ്യാപകനോടു പറഞ്ഞു. കേസുമായി ഇനി മുന്നോട്ടുപോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥിക്കു കൗണ്സലിംഗ് നൽകാനും അടുത്ത ദിവസംമുതൽ ക്ലാസിൽ വരാൻ സൗകര്യമൊരുക്കാനും തീരുമാനമായി.
കുട്ടിയെ തിരുത്താൻ നടപടി സ്വീകരിക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനൽ ആക്കാനില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംഭവത്തിൽ മാനസാന്തരമുണ്ടെന്നു വിദ്യാർഥി പോലീസിനോടു പറഞ്ഞിരുന്നു. തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർഥി തന്റെ പിഴവ് തുറന്നുപറഞ്ഞത്. ഫോണ് വാങ്ങിവച്ച് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ചു മാപ്പുപറയാൻ തയാറാണെന്നുമാണ് വിദ്യാർഥി പോലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്കൂളിൽതന്നെ തുടർന്നുപഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും വിദ്യാർഥി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണു വിവാദമായ സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ ഫോണ് കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അതു ലംഘിച്ചതോടെയാണ് അധ്യാപകർ വിദ്യാർഥിയുടെ ഫോണ് പിടിച്ചുവച്ചത്. തുടർന്നു പ്രധാനാധ്യാപകന്റെ മുറിയിലേക്കു കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് അധ്യാപകനെ കൊല്ലുമെന്നുള്ള ഭീഷണി മുഴക്കി വിദ്യാർഥി സംസാരിച്ചത്.