ചരക്ക്-പാസഞ്ചർ കോംബോ ട്രെയിൻ സർവീസ് വരുന്നു
Thursday, January 23, 2025 3:00 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ചരക്കുഗതാഗതവും യാത്രാടിക്കറ്റ് വരുമാനവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ചരക്ക്-പാസഞ്ചർ കോംബോ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയാണു മന്ത്രാലയം പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ ചരക്ക്-പാസഞ്ചർ ട്രെയിനിന്റെ പ്രാട്ടോടൈപ്പ് (ആദ്യമാതൃക) വികസിപ്പിച്ചുകഴിഞ്ഞു. നിലവിൽ റോഡ് ഗതാഗതത്തെ ആശ്രയിക്കുന്ന പാഴ്സലുകളും ഇ-കൊമേഴ്സ് ഷിപ്പ്മെന്റുകളും ചെറിയ ചരക്കുകളും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുക എന്നതാണു പ്രധാന ലക്ഷ്യം.
ഇതോടൊപ്പം മന്ത്രാലയത്തിലെ കാർഗോ വിഭാഗത്തിന്റെ വൈവിധ്യവത്കണവും ലക്ഷ്യമിടുന്നു. ഈ ട്രെയിൻ ഒരു ഡബിൾ ഡെക്കർ മോഡലാണ്. ചരക്കുകൾ താഴത്തെ നിലയിൽ കൊണ്ടുപോകും. യാത്രക്കാർക്കുള്ള കോച്ചുകൾ മുകളിലത്തെ നിലയിലാണ്.
ഇതിന്റെ രൂപകൽപ്പനയ്ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞെങ്കിലും ചില സൂക്ഷ്മപരിശോധനകൾ കൂടി ബാക്കിയുണ്ട്. ഓരോ കോച്ചിനും നാല് കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. കോച്ച് ഫാക്ടറിയിൽ 10 എണ്ണത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ എത്തി. ഒരു സമ്പൂർണ റേക്ക് പൂർത്തീകരിക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുന്നു.
ചരക്കുകളുടെയും യാത്രക്കാരുടെയും സഞ്ചാരം ഏറെ ഫലപ്രദമായി സാധ്യമാക്കുന്ന ഇത്തരം ട്രെയിനുകൾ ഇന്ത്യൻ റെയിൽ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഇന്ത്യൻ റെയിൽവേയുടെ ചരക്കുവരുമാനത്തിന്റെ 60 ശതമാനവും കൽക്കരിയും ഇരുമ്പയിരുമാണ്. പുതിയ ട്രെയിൻ വരുന്നതോടെ ഇതിൽ സമ്പൂർണമായ മാറ്റമുണ്ടാകും. കാർഗോ ലൈനറുകൾ എന്ന ആശയത്തിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ ആദ്യസംരംഭത്തെ അടയാളപ്പെടുത്തുന്നതാകും ഡബിൾ ഡെക്കർ വണ്ടി.
രാജ്യത്ത് അതിവേഗം വളർന്നുവരുന്ന കൊറിയർ ബിസിനസിന്റെ വലിയൊരു പങ്കും പിടിച്ചെടുക്കാൻ ഇന്ത്യാ പോസ്റ്റുമായി സഹകരിക്കുന്ന കാര്യവും റെയിൽവേ മന്ത്രാലയത്തിന്റെ ആലോചനയിലാണ്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികളും മന്ത്രാലയത്തിന്റെ മുന്നിലുണ്ട്. പാഴ്സലുകൾ സമയബന്ധിതമായി ഇറക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയാണ് ഇതിൽ ഏറ്റവും പ്രധാനം.
പാഴ്സലുകൾ നിർദിഷ്ട കോച്ചുകളിൽ മാത്രമായി പരിമിതപ്പെടുത്തുമ്പോൾ അവ വേഗത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. ചരക്ക് ഇറക്കുന്നതിൽ കാലതാമസം ഉണ്ടായാൽ അതു പാസഞ്ചർ ട്രെയിനിന്റെ കൃത്യനിഷ്ഠയെയും ബാധിക്കും. ഇതിനുള്ള പരിഹാര മാർഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തു വരികയാണ്.
2023-24 സാമ്പത്തികവർഷത്തിൽ റെയിൽവേയുടെ ചരക്കു ഗതാഗത്തിൽ അഞ്ചു ശതമാനം വർധനയാണുണ്ടായത്. പുതിയ ട്രെയിനുകൾ ട്രാക്കിലിറങ്ങുമ്പോൾ 2030ൽ വാർഷിക വളർച്ചാനിരക്ക് 10 ശതമാനം കൈവരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.